വാണിജ്യ കപ്പലുകൾക്ക് സംരക്ഷണം നൽകിയ യു.എസ് യുദ്ധകപ്പലിന് നേരെ ഹൂത്തികളുടെ മിസൈലാക്രമണം; കപ്പലുകൾ പിൻവാങ്ങി
World News
വാണിജ്യ കപ്പലുകൾക്ക് സംരക്ഷണം നൽകിയ യു.എസ് യുദ്ധകപ്പലിന് നേരെ ഹൂത്തികളുടെ മിസൈലാക്രമണം; കപ്പലുകൾ പിൻവാങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2024, 1:10 pm

സനാ: യു.എസിന്റെ യുദ്ധക്കപ്പലിൽ മിസൈൽ ആക്രമണം നടത്തിയെന്നും രണ്ട് യു.എസ് വാണിജ്യ കപ്പലുകൾ പിൻവാങ്ങാൻ നിർബന്ധിതരായെന്നും ഹൂത്തി വക്താവ്.

അതേസമയം കപ്പലിന് നേരെ വന്ന മിസൈലുകളെ വെടിവെച്ചിട്ടു എന്നാണ് യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്.

ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ മാത്രമേ ആക്രമിക്കൂ എന്ന് ആവർത്തിച്ചിരുന്ന ഹൂത്തികൾ യു.എസും ബ്രിട്ടനും യെമനിൽ ആക്രമണം നടത്തിയതിന് പിന്നാലെ അവരുടെ കപ്പലുകളും ആക്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

‘ഏദൻ കടലിടുക്കിലും ബാബ് അൽ മന്ദബിലും വെച്ച് അമേരിക്കൻ യുദ്ധക്കപ്പലുമായി ഇന്ന് സംഘട്ടനം ഉണ്ടായി. അവർ രണ്ട് അമേരിക്കൻ വാണിജ്യ കപ്പലുകൾക്ക് സംരക്ഷണം നോക്കുകയായിരുന്നു,’ ഹൂത്തി വക്താവ് യഹ്യ സരീ പറഞ്ഞു.

രണ്ട് മണിക്കൂർ നീണ്ട സംഘട്ടനത്തിൽ അമേരിക്കൻ യുദ്ധക്കപ്പലിൽ മിസൈൽ ആക്രമണം ഉണ്ടായെന്നും ഇതിനെ തുടർന്ന് വാണിജ്യ കപ്പലുകൾ പിൻവാങ്ങിയെന്നും സരീ പറഞ്ഞു. യുദ്ധക്കപ്പലിന്റെ പ്രതിരോധശ്രമം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രദേശത്തെ യു.എസ് സേനയുടെ ചുമതലയുള്ള സെന്റ്കോം പറയുന്നത് ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ രണ്ടെണ്ണം കടലിൽ വീണെന്നും കപ്പലിന് നേരെ വന്ന മറ്റൊരു മിസൈൽ വെടിവച്ചിട്ടെന്നുമാണ്.

Content Highlight: Houthis claim clash with US Navy