സനാ: ചെങ്കടലിൽ യു.എസ് നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സേനയിൽ ഉൾപ്പെടുന്ന ഏത് രാജ്യത്തിനെതിരെയും ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഹൂത്തിയുടെ പരമോന്നത കമ്മിറ്റിയുടെ തലവൻ മുഹമ്മദ് അലി അൽ ഹൂത്തി.
ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അലി അൽ ഹൂത്തി യു.എസിനൊപ്പം നിൽക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
ഇസ്രഈൽ ലക്ഷ്യസ്ഥാനമാക്കി സഞ്ചരിക്കാത്ത മുഴുവൻ കപ്പലുകൾക്കും ആക്രമണ ഭയമില്ലാതെ ചെങ്കടലിലൂടെ പോകാമെന്ന് നേരത്തെ ഹൂത്തികൾ അറിയിച്ചിരുന്നു.
ഓസ്ട്രേലിയ, ബഹ്റൈൻ, ബെൽജിയം, കാനഡ, ഡെന്മാർക്ക്, ജർമനി, ജപ്പാൻ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, യു.കെ എന്നീ രാജ്യങ്ങളാണ് നിലവിൽ യു.എസിന്റെ ബഹുരാഷ്ട്ര സേനയിൽ ഉൾപ്പെടുന്നത്.
ഇറ്റലിയും സ്പെയിനും ഫ്രാൻസും സേനയിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത് യു.എസിന് വലിയ തിരിച്ചടിയായിരുന്നു.
സേനയിൽ ചേരാനുള്ള ഇസ്രഈലിന്റെ നിർദ്ദേശം ഈജിപ്തും തള്ളിയിരുന്നു. ബഹ്‌റൈൻ മാത്രമാണ് അറബ് രാജ്യങ്ങളിൽ നിന്നുള്ള അംഗം.
അമേരിക്ക എത്ര സുരക്ഷ ഒരുക്കിയാലും ഇസ്രഈൽ കപ്പലുകളെ ചെങ്കടലിൽ തടയുമെന്ന് നേരത്തെ യെമൻ അറിയിച്ചിരുന്നു.
ചെങ്കടലിൽ ഇസ്രഈലിനെ സഹായിക്കുന്ന സേനയിൽ പ്രവർത്തിക്കുന്നതിനെതിരെ വിദേശ രാജ്യങ്ങൾക്ക് യെമൻ പ്രതിരോധ മന്ത്രി മേജർ ജനറൽ മുഹമ്മദ് അൽ ആതിഫി മുന്നറിയിപ്പ് നൽകിയിരുന്നു.
അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ യു.എസ് നാവിക സേനയുടെ ഉന്നത കമാൻഡർ വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ ബഹുരാഷ്ട്ര സേന പരാജയപ്പെട്ടെന്ന് സമ്മതിച്ചിരുന്നു.
Content Highlight: Houthi leader: Any country involved in US-led Red Sea task force will be targeted