സന: തെക്കന്‍ ചെങ്കടലില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ഡ്രോണാക്രമണം നടത്തി ഹൂത്തി വിമതര്‍. ഗബ്ബണ്‍ പതാക ഘടിപ്പിച്ച എം.വി. സായിബാബ എന്ന കപ്പലിന് നേരെയാണ് ഇത്തവണ ഹൂത്തികള്‍ ആക്രമണം നടത്തിയത്. ചെങ്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളില്‍ ഇന്ത്യന്‍ പതാക ഘടിപ്പിച്ച ഒരു ക്രൂഡ് ഓയില്‍ ടാങ്കറുണ്ടെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇന്ത്യന്‍ നാവിക സേന അമേരിക്കയുടെ വാദത്തെ തള്ളിക്കളയുകയും ആക്രമണത്തിനിരയായ എം.വി. സായിബാബയില്‍ 25 ഇന്ത്യന്‍ ക്രൂ അംഗങ്ങള്‍ ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. കപ്പലിലെ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് നാവിക സേന അറിയിച്ചു.
കപ്പലുകള്‍ക്ക് നേരെ ഹൂത്തി വിമതര്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതുമായി ബന്ധപ്പെട്ട് കപ്പലുകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കക്ക് പുറമെ ബ്രിട്ടനും ഹൂത്തികളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ആക്രമണത്തില്‍ സ്വാധീനം നല്‍കുന്നതും ഇറാനാണെന്ന് ആരോപിച്ചു. ചെങ്കടലില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ ആക്രമണം വര്‍ധിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ലെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഞായറാഴ്ച ഹൂത്തികള്‍ വിക്ഷേപിച്ച നാല് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി അമേരിക്ക പ്രഖ്യാപിച്ചു. യെമന്‍ തീരത്ത് ബാബ് എല്‍
മന്ദാബ് കടലിടുക്കില്‍ ഒരു കപ്പലിന് സമീപം ഡ്രോണ്‍ പൊട്ടിത്തെറിച്ചതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു.
ഹൂത്തികള്‍ക്ക് ആയുധങ്ങളും ഇന്റലിജന്‍സ് സഹായവും നല്‍കിയെന്ന ആരോപണം ഇറാന്‍ ഉപവിദേശകാര്യ മന്ത്രി അലി ബഗെരി നിഷേധിച്ചു.
വിമത ഗ്രൂപ്പിന് അവരുടേതായ ആയുധങ്ങളുണ്ടെന്നും അവരുടെ സ്വന്തം തീരുമാനങ്ങള്‍ക്കും കഴിവുകള്‍ക്കും അനുസൃതമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അലി ബഗെരി കൂട്ടിച്ചേര്‍ത്തു.
Content Highlight: Houthi attack on ship M.V Saibaba