ടെല്‍ അവീവ്: ഇസ്രഈലിലെ പ്രധാന നഗരമായ ടെല്‍ അവീവില്‍ വീണ്ടും യെമനിലെ ഹൂത്തികളുടെ ആക്രമണം. ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രഈല്‍ അറിയിച്ചു. യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ തടയുന്നതില്‍ പരാജയപ്പെട്ടതായി ഇസ്രഈല്‍ സൈന്യം അറിയിച്ചു.
‘അല്‍പ്പസമയം മുമ്പ് മധ്യ ഇസ്രഈലില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണമുണ്ടായി. ഇവ പതിക്കുന്നതിന് മുമ്പായി അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. യെമനില്‍ നിന്ന് വിക്ഷേപിച്ച ഒരു പ്രൊജക്ടൈല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തടയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു,’ ഇസ്രഈലി സൈന്യത്തിന്റെ ടെലിഗ്രാം കുറിപ്പില്‍ പറയുന്നു.
ടെല്‍ അവീവിന് കിഴക്കുള്ള ബനേ ബ്രാക്കിലാണ് പ്രൊജക്ടൈല്‍ പതിച്ചതെന്ന് വിവിധ ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രഈലിനെതിരായ ആക്രമണം പുനരാരംഭിക്കുമെന്ന് യെമനിലെ ഹൂത്തികള്‍ അറിയിച്ചിരുന്നു. ഗസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ഇത് തുടരുമെന്നാണ് ഹൂത്തികള്‍ അറിയിച്ചത്.
അതേസമയം ടെല്‍ അവീവ് മേഖലയിലെ മിസൈല്‍ ആക്രമണം വിജയിച്ചത് ഇസ്രഈല്‍ സൈന്യത്തിന്റെ ബില്യണ്‍ ഡോളര്‍ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പരിമിതികളാണ് വ്യക്തമാക്കുന്നതെന്ന് ഹൂത്തി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം ഒമ്പതിന് മധ്യ ഇസ്രഈല്‍ നഗരമായ യാവ്നിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയും ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഗസയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ യെമനിലെ ഹൂത്തികള്‍ ഇസ്രഈലിനെ ആക്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെങ്കടലിലേയും ഏദന്‍ ഉള്‍ക്കടലിലേയും ഇസ്രഈലി ബന്ധമുള്ള കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഈ ഭീഷണി വര്‍ധിച്ചതോടെ യു.എസും ബ്രിട്ടനും സനയിലെ ഹൂത്തി കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു.
ഇസ്രഈലും യെമനിലെ ഹൊദൈദയിലെ തുറമുഖങ്ങളും സനയിലെ പവര്‍ സ്റ്റേഷനുകളും ആക്രമിച്ചിരുന്നു. ഈ ആക്രമണങ്ങള്‍ക്കിടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Content Highlight: Houthi attack on Israel after a break; 16 people were injured