മുംബൈ: മഹാരാഷ്ട്രയില്‍ നാവികസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഭവന വായ്പാ തട്ടിപ്പ് നടത്തിയതായി പരാതി. മൂന്ന് പേര്‍ക്കെതിരെയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.
40 ലക്ഷം രൂപയുടെ ഭവനവായ്പാ തട്ടിപ്പ് നടത്തിയതിനും വ്യാജ രേഖകള്‍ ചമച്ചതിനുമാണ് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തതെന്നാണ് മുംബൈ പൊലീസ് അറിയിച്ചത്.
34കാരിയായ മുംബൈ യുവതിയുടെ പരാതിയിന്മേലാണ് ബാങ്ക് ഉദ്യോഗസ്ഥരായ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളും വിവര സാങ്കേതിക വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പുനെയില്‍ ഒരു ഫ്‌ളാറ്റ് വാങ്ങുന്നതിനായി നല്‍കിയ അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ വ്യാജരേഖകള്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.
വായ്പയ്ക്ക് വേണ്ടി തയ്യാറാക്കിയ രേഖയില്‍ പ്രതികള്‍ അവരുടെ മൊബൈല്‍ നമ്പറും വ്യാജ ഇമെയില്‍ ഐഡിയും ഉള്‍പ്പെടുത്തിയതായി പരാതിയില്‍ പറയുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികള്‍ തയ്യാറാക്കിയ വ്യാജരേഖകളില്‍ മൂന്നാം പ്രതിയുടെ വിരലടയാളം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
അതേസമയം 40 ലക്ഷം രൂപ ഭവനവായ്പ എടുത്ത് ബില്‍ഡര്‍ക്ക് നേരിട്ട് നല്‍കിയതായും ഇടപാട് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പരാതിക്കാരിക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
വായ്പ പരാതിക്കാരിക്ക് ലഭിച്ചില്ലെന്നും വായ്പ വിതരണം സംബന്ധിച്ച് ബാങ്കില്‍ നിന്നും തനിക്ക് നോട്ടീസ് നല്‍കിയതായും പരാതിക്കാരി പറയുന്നുണ്ട്.
Content Highlight: Housing loan scam in Maharashtra: Case against three including Navy officer’s wife