ആലപ്പുഴയില്‍ അജ്ഞാതർ കെട്ടിയിട്ട വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍
Kerala News
ആലപ്പുഴയില്‍ അജ്ഞാതർ കെട്ടിയിട്ട വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2025, 11:59 am

ആലപ്പുഴ: കാട്ടൂരില്‍ വീടിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ തങ്കമ്മ ആണ് മരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് തങ്കമ്മയെ വീടിനുള്ളില്‍ അജ്ഞാതർ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കള്ളന്മാരാണ് കെട്ടിയിട്ടതെന്നായിരുന്നു നിഗമനം.

എന്നാല്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ ഒന്നും തന്നെ മോഷണം പോയിരുന്നില്ല.

ഉച്ചയോടെ വീട്ടിലെത്തിയ മകന്‍ വിളിച്ചിട്ടും അമ്മ വാതില്‍ തുറക്കാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് തങ്കമ്മയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകന്‍ ജോണ്‍ സംഭവത്തില്‍ പരാതി നല്‍കിയിരുന്നു.

പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തങ്കമ്മയുടെ മരണത്തില്‍ മകനെയും പങ്കാളിയെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: Housewife hanged in Alappuzha