കേരളത്തിന് ലോക ടൂറിസം ഭുപടത്തിൽ സ്ഥാനം നേടികൊടുത്തവയിൽ പ്രധാനമാണ് ഹൗസ് ബോട്ടുകൾ.ഹൗസ് ബോട്ടിലെ കായൽ സവാരി ഒരനുഭവം തന്നെയാണ്.ആലപ്പുഴ ,കുമരകം ,കൊല്ലം , ബേക്കല്‍ എന്നി സ്ഥലങ്ങളിലാണ് കേരളത്തിൽ ഹൗസ് ബോട്ട് യാത്രകൾ പ്രധാനമായും നടക്കുന്നത്.ഇതില്‍ ആലപ്പുഴ ,കുമരകം എന്നിവിടങ്ങളിലാണ് ഹൗസ് ബോട്ട് യാത്ര ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുന്നത്.
ഒരു ബെഡ് റൂം മുതല്‍ അഞ്ച് ബെഡ് റൂം വരയുള്ള ഹൗസ് ബോട്ടുകള്‍ ഇന്ന് ലഭ്യമാണ്.ബോട്ടിനുള്ളിൽ മുൻപ് ചെറിയ പാർട്ടികളിൽ ഒതുങ്ങി നിന്ന ആഘോഷം ഇന്നാകട്ടെ കല്യാണങ്ങളിലേക്ക് എത്തിനിൽക്കുന്നു.വിവാഹ നിശ്ചയവും വിവാഹവും ഹൗസ് ബോട്ടുകളിൽ സാധാരണമായിക്കഴിഞ്ഞു.കേരളത്തിൽ വിവാഹം നടത്തുന്ന വിദേശിയരാണ് വിവാഹവേദിയായി ഹൗസ്ബോട്ടിനെ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
സീസൺ അനുസരിച്ച് ഹൗസ്ബോട്ട് സവാരിയുടെ നിരക്കിനു മാറ്റം വരും.ബെഡ് റൂമുകളുടെ എണ്ണം,സഞ്ചാരികളുടെ എണ്ണം,ബോട്ട് ക്യാറ്റഗറി,ആവശ്യപ്പെടുന്ന ഭക്ഷണം എന്നിവയ്ക്കനുസരിച്ച് നിരക്കിലും വ്യത്യാസം വരും.വേനലവധിക്കും ഉത്സവ കാലങ്ങളിലുമാണ് സഞ്ചാരികൾ അധികമായി ഹൗസ് ബോട്ട് യാത്രയ്ക്ക് തയാറാകുന്നത്.രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കുന്ന ഡേ പാക്കേജ്,ഉച്ചയ്ക്ക് 12 മണിമുതൽ പിറ്റേദിവസം രാവിലെ 9 മണി വരെ നീളുന്ന നൈറ്റ് പാക്കേജ് എന്നിങ്ങനെ രണ്ട് പ്രധാന പാക്കേജുകളാണ് ഹൗസ് ബോട്ട് യാത്രയ്ക്കുള്ളത്.
തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ചും നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും.നൈറ്റ് പാക്കെഡിൽ ബോട്ട് സഞ്ചാരമുണ്ടാവില്ല.ഏതെങ്കിലും ഒരു പോയിന്റിൽ ബോട്ട് നങ്കൂരമിട്ടിരിക്കും.ഡീലക്സ്,പ്രീമിയം ,ലക്ഷ്വറി ക്യാറ്റഗറികളിലാണ് ബോട്ടുകളുള്ളത്.ഇരു നിലകളുള്ള ബോട്ടുകളാണ് കോൺഫറൻസ് ആവശ്യങ്ങൾക്കും മറ്റുമായി അധികം ബുക്ക് ചെയ്യപ്പെടുന്നത്.