കോഴിക്കോട്: ചേവായൂര്‍ ബലാത്സംഗ കേസിന്റെ മറവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വഴിവിട്ട അന്വേഷണം നടത്തിയതായി പരാതി. എ.സി.പി സുദര്‍ശനന്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണ്‍ രേഖകള്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി.
മലപ്പുറം എസ്.പിയ്ക്കായിരുന്നു പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് എ.സി.പിയ്‌ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വകുപ്പ് തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം എസ്.പി ഡി.ജി.പിയ്ക്ക് കൈമാറിയിരുന്നു. എ.സി.പിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയ്ക്ക് ശുപാര്‍ശ.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറും സംഭവത്തില്‍ ഡി.ജി.പിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ചേവായൂര്‍ ബലാത്സംഗ കേസിന്റെ മറവിലാണ് ഫോണ്‍ രേഖകള്‍ ചോര്‍ത്തിയതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ എ.സി.പി ചോര്‍ത്തി നല്‍കിയ ഫോണ്‍ രേഖകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി ഭര്‍ത്താവ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നെന്നും വീട്ടമ്മ പരാതിയില്‍ പറഞ്ഞിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു എ.സി.പി നിയമവിരുദ്ധമായി സ്ത്രീയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഭര്‍ത്താവിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: House wife’s complaint against ACP says her phone records were illegally tracked by him