ആലപ്പുഴ: മദ്യലഹരിയില്‍ വീടിന് തീയിട്ട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. മാവേലിക്കര ചെട്ടികുളങ്ങര കാട്ടുവള്ളില്‍ ആണ് സംഭവം.
മദ്യലഹരിയില്‍ വീട്ടില്‍ വഴക്കുണ്ടാക്കിയ മകന്‍ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു, പിന്നീട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപം പൊലീസും അഗ്നിശമനസേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജനക്കൂട്ടത്തിന് മുന്നിലായിരുന്നു സംഭവം.
കാട്ടുവള്ളി നാമ്പോലില്‍ സുരേഷ് (50) ആണ് അമ്മ രുഗ്മിണിയെ ആക്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്യലഹരിയില്‍ വീട്ടില്‍ എത്തിയ സുരേഷ് അമ്മയുമായി വഴക്കിടുകയും വീടിനോട് ചേര്‍ന്നിരുന്ന സ്‌കൂട്ടറിന് തീയിടുകയുമായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തീ വീടിനുള്ളിലേക്ക് ആളി പടര്‍ന്ന് വീടിനുള്ളിലെ സാധനങ്ങള്‍ക്കും തീപിടിച്ചു.
വീടിന്റെ തീയണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിനടുത്തേക്ക് പോകാന്‍ ആരും തയ്യാറായില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാവേലിക്കര പൊലീസ് സ്ഥലത്തെത്തി സുരേഷിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുതറിമാറിയ പ്രതി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അമ്മയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു.
പിന്നീട് സ്വയം കഴുത്തറുത്ത സുരേഷിനെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്‌പ്പെടുത്തി. രുഗ്മിണിയമ്മയ്ക്ക് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: House was set on fire, and the son attempted to commit suicide by beheading his mother