| Thursday, 5th August 2021, 11:17 am

നിങ്ങള്‍ നടത്തുന്ന ഓരോ മനുഷ്യാവകാശ ലംഘനങ്ങളും ഞങ്ങള്‍ കാണുന്നുണ്ട്; സൗദിയോട് നിലപാട് കടുപ്പിച്ച് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: സൗദി അറേബ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അമേരിക്ക വീക്ഷിക്കുന്നുണ്ടെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. സോഷ്യല്‍ മീഡിയയില്‍ അജ്ഞാത അക്കൗണ്ടുണ്ടാക്കിയെന്ന് ആരോപിച്ച് അബ്ദുള്‍ റഹ്മാന്‍ അല്‍-സധാനെന്ന സാമൂഹ്യപ്രവര്‍ത്തകന് 20 വര്‍ഷം തടവ് വിധിച്ചതിനെതിരെയായിരുന്നു നാന്‍സി പെലോസി രൂക്ഷ വിമര്‍ശനം നടത്തിയത്.

വ്യാജ അക്കൗണ്ട് വഴി സൗദി സര്‍ക്കാരിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അല്‍-സധാനത്തിനെ ഏപ്രിലില്‍ ജയിലിലടച്ചത്. 20 വര്‍ഷത്തെ തടവും അതിനുശേഷം 20 വര്‍ഷം യാത്രാവിലക്കും സൗദി കോടതി വിധിച്ചിട്ടുണ്ട്.

‘സാമൂഹ്യപ്രവര്‍ത്തകനായ അബ്ദുള്‍റഹ്മാന്‍ അല്‍-സധാനത്തിനെ തടവിന് വിധിച്ചത് ഗുരുതരമായ നീതി നിഷേധമാണ്. അല്‍-സധാനത്തിന്റെ തടവ് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ സൗദി അറേബ്യ നടത്തുന്ന നിരന്തരമായ അടിച്ചമര്‍ത്തലുകളുടെ തുടര്‍ച്ചയാണ്.

അബ്ദുള്‍റഹ്മാന്‍ അല്‍-സധാനത്തിന്റെ ഹരജി പരിഗണിക്കുന്നത് കോണ്‍ഗ്രസ് കൃത്യമായി വീക്ഷിക്കും, അതുപോലെ തന്നെ ആ ഭരണകൂടം നടത്തുന്ന ഓരോ മനുഷ്യാവകാശലംഘനങ്ങളും,’ നാന്‍സി പെലോസി ട്വീറ്റ് ചെയ്തു.

ഏപ്രിലില്‍ അല്‍-സാധനത്തിനെ തടവിന് വിധിച്ചപ്പോഴും സൗദിയെ വിമര്‍ശിച്ചുകൊണ്ട് നാന്‍സി പെലോസി രംഗത്തുവന്നിരുന്നു.

സധാനത്തിന്റെ കുടുംബം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് കഴിയുന്നത്. നാന്‍സി പെലോസി ഇവിടെ നിന്നുള്ള ജനപ്രതിനിധിയാണ്.

അല്‍ സധാനത്തിനെ നിരുപാധികം മോചിപ്പിക്കണമെന്നും അദ്ദേഹത്തിനെതിരെയുള്ള യാത്രവിലക്ക് പിന്‍വലിച്ച് തന്റെ കുടുംബത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: House Speaker Pelosi says US closely monitoring rights abuses in Saudi Arabia

We use cookies to give you the best possible experience. Learn more