വാഷിംഗ്ടണ്‍: സൗദി അറേബ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അമേരിക്ക വീക്ഷിക്കുന്നുണ്ടെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. സോഷ്യല്‍ മീഡിയയില്‍ അജ്ഞാത അക്കൗണ്ടുണ്ടാക്കിയെന്ന് ആരോപിച്ച് അബ്ദുള്‍ റഹ്മാന്‍ അല്‍-സധാനെന്ന സാമൂഹ്യപ്രവര്‍ത്തകന് 20 വര്‍ഷം തടവ് വിധിച്ചതിനെതിരെയായിരുന്നു നാന്‍സി പെലോസി രൂക്ഷ വിമര്‍ശനം നടത്തിയത്.
വ്യാജ അക്കൗണ്ട് വഴി സൗദി സര്‍ക്കാരിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അല്‍-സധാനത്തിനെ ഏപ്രിലില്‍ ജയിലിലടച്ചത്. 20 വര്‍ഷത്തെ തടവും അതിനുശേഷം 20 വര്‍ഷം യാത്രാവിലക്കും സൗദി കോടതി വിധിച്ചിട്ടുണ്ട്.
‘സാമൂഹ്യപ്രവര്‍ത്തകനായ അബ്ദുള്‍റഹ്മാന്‍ അല്‍-സധാനത്തിനെ തടവിന് വിധിച്ചത് ഗുരുതരമായ നീതി നിഷേധമാണ്. അല്‍-സധാനത്തിന്റെ തടവ് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ സൗദി അറേബ്യ നടത്തുന്ന നിരന്തരമായ അടിച്ചമര്‍ത്തലുകളുടെ തുടര്‍ച്ചയാണ്.
അബ്ദുള്‍റഹ്മാന്‍ അല്‍-സധാനത്തിന്റെ ഹരജി പരിഗണിക്കുന്നത് കോണ്‍ഗ്രസ് കൃത്യമായി വീക്ഷിക്കും, അതുപോലെ തന്നെ ആ ഭരണകൂടം നടത്തുന്ന ഓരോ മനുഷ്യാവകാശലംഘനങ്ങളും,’ നാന്‍സി പെലോസി ട്വീറ്റ് ചെയ്തു.