| Tuesday, 29th December 2020, 1:38 pm

ട്രംപ് പടിയിറങ്ങാനിരിക്കെ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് 'കാലുവാരി' റിപ്പബ്ലിക്കന്‍സും; വീറ്റോ അധികാരം പ്രയോഗിച്ചപ്പോള്‍ നാണക്കേടും അപമാനവും മിച്ചം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവി ഒഴിയാനിരിക്കേ വീണ്ടും നാണംകെട്ട് ഡൊണാള്‍ഡ് ട്രംപ്.

741 ബ്ലില്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ച വീറ്റോ അധികാരം അസാധുവാക്കാന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം ചേരുകയായിരുന്നു. ഇത് അധികാരം നഷ്ടമായ ട്രംപിന് മറ്റൊരു തിരിച്ചടിയും അപമാനവുമായി.

നൂറോളം റിപ്പബ്ലിക്കന്‍ പ്രതിനിധികളാണ് പ്രതിരോധ ബില്ലിന്‍മേല്‍ ട്രംപിനുള്ള വീറ്റോ അധികാരം അസാധുവാക്കാന്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നത്.

സേവന അംഗങ്ങളുടെ ശമ്പളം, വിദേശ സൈനിക പ്രവര്‍ത്തനങ്ങള്‍, മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് ധനസഹായം നല്‍കുന്ന നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് 1967 മുതല്‍ എല്ലാ വര്‍ഷവും കോണ്‍ഗ്രസ് പാസാക്കുന്നതാണ്.

കഴിഞ്ഞയാഴ്ചയാണ് ഈ നിയമത്തിനു മേല്‍ ട്രംപ് പ്രസിഡന്റിന്റെ വീറ്റോ അധികാരം പ്രയോഗിച്ച് ബില്ല് ട്രംപ് മടക്കി അയച്ചത്. പത്ത് സൈനിക താവളത്തിന്റെ പേര് മാറ്റുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു ബില്ലില്‍ പരിഗണിച്ചിരുന്നത്.

റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഈ വാരാന്ത്യത്തില്‍ ബില്ലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെനറ്റില്‍ ബില്ല് പാസാകുമോയെന്ന് ഉറ്റുനോക്കുകയാണ് അമേരിക്കയിപ്പോള്‍.

ട്രംപ് പ്രസിഡന്റായിരിക്കെ ഒമ്പത് തവണ വീറ്റോ അധികാരം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്നും ട്രംപിന് കൂട്ടമായി തിരിച്ചടി നേരിടേണ്ടി വരുന്നത്.

ബില്ല് ബഹിഷ്‌കരിക്കാനുള്ള ട്രംപിന്റെ അപകടകരമായ നീക്കത്തെ ഒന്നിച്ചു ചെറുത്തതില്‍ സന്തോഷമുണ്ടെന്ന് സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവസാന നിമിഷം നടത്തുന്ന തീക്കളി പ്രസിഡന്റ് ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള സഭ കൊറോണ വൈറസ് ദുതിതാശ്വാസ പാക്കേജില്‍ ഒരു വ്യക്തിക്ക് 2000 ഡോളറിന്റെ ധനസഹായം നല്‍കുന്നതിനും അനുകൂലമായി വോട്ട് ചെയ്തു. ഇത് നേരത്തെ ട്രംപ് ആവശ്യപ്പെട്ടതായിരുന്നു. അതേസമയം സെനറ്റില്‍ ഇത് പാസാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: House Republicans join with Democrats to override Trump’s veto of defence bill

We use cookies to give you the best possible experience. Learn more