| Saturday, 13th January 2024, 12:00 pm

ഹൗസ് ഓഫ് ദ ഡ്രാഗണ്‍ 2; അബദ്ധം പറ്റി താരം; റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകം മുഴുവനും ഏറെ ആരാധകരുളള സീരീസാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’. ഇതിന്റെ പ്രീക്വല്‍ സീരീസായ ഹൗസ് ഓഫ് ദ ഡ്രാഗണിനും ഒരുപാട് ആരാധകരുണ്ട്. നിലവില്‍ ഹൗസ് ഓഫ് ദ ഡ്രാഗണിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

എച്ച്.ബി.ഒ നെറ്റ്വര്‍ക്ക് മേധാവി കേസി ബ്ലോയ്‌സ് കഴിഞ്ഞ നവംബറില്‍ രണ്ടാം ഭാഗം 2024ല്‍ പുറത്തിറങ്ങുമെന്ന് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ റിലീസ് എന്നാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല.

ഇപ്പോള്‍ രണ്ടാം ഭാഗം ഓഗസ്റ്റ് മാസത്തില്‍ എത്തുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഹൗസ് ഓഫ് ദ ഡ്രാഗണ്‍ താരം മാറ്റ് സ്മിത്ത് ഒരു അഭിമുഖത്തില്‍ അറിയാതെ റിലീസ് ഡേറ്റ് പറയുകയായിരുന്നു.

ഡെമണ്‍ ടാര്‍ഗേറിയന്‍ എന്ന കഥാപാത്രമായാണ് മാറ്റ് സ്മിത്ത് അഭിനയിക്കുന്നത്. ദി സോ ബോള്‍ ബ്രേക്ക്ഫാസ്റ്റ് ഷോയിലെ ഒരു അഭിമുഖത്തിനിടെയാണ് താരം ഹൗസ് ഓഫ് ദ ഡ്രാഗണിനെ കുറിച്ച് സംസാരിച്ചത്.

ടാര്‍ഗേറിയനെ വീണ്ടും സ്‌ക്രീനില്‍ എന്നാകും കാണാന്‍ കഴിയുകയെന്ന് അഭിമുഖത്തിനിടെ അവതാരകന്‍ ചോദിക്കുകയായിരുന്നു. ‘ഓഗസ്റ്റ്.. അല്ല എനിക്ക് തോന്നുന്നത് ഈ സമ്മറില്‍ ഉണ്ടാകുമെന്നാണ്’ എന്നാണ് മാറ്റ് മറുപടിയായി പറഞ്ഞത്. എന്നാല്‍ ഈ കാര്യം ഇതുവരെ എച്ച്.ബി.ഒ സ്ഥിരീകരിച്ചിട്ടില്ല.

2023ല്‍ ഹോളിവുഡില്‍ നടന്ന സ്‌ട്രൈക്കുകള്‍ കാരണം മറ്റു സീരീസുകളുടെയും സിനിമകളുടെയും ചിത്രീകരണം മുടങ്ങിയിരുന്നു. എന്നാല്‍ ഹൗസ് ഓഫ് ദ ഡ്രാഗണിന്റെ ചിത്രീകരണത്തെ സ്‌ട്രൈക്കുകള്‍ ബാധിച്ചിരുന്നില്ല. അതുകൊണ്ട് സീരീസിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

മാറ്റ് സ്മിത്തിന് പുറമെ ഒലിവിയ കുക്ക്, എമ്മ ഡി. ആര്‍സി, ഈവ് ബെസ്റ്റ്, സ്റ്റീവ് ടൗസെന്റ്, ഫാബിയന്‍ ഫ്രാങ്കല്‍, ഇവാന്‍ മിച്ചല്‍, ടോം ഗ്ലിന്‍-കാര്‍ണി, സോനോയ മിസുനോ, റൈസ് ഇഫാന്‍സ് എന്നിവരും അഭിനയിക്കുന്നുണ്ട്.

‘ഹൗസ് ഓഫ് ദ ഡ്രാഗണി’ന്റെ പത്ത് എപ്പിസോഡുകളുള്ള ആദ്യ സീസണ്‍ 2022 ഓഗസ്റ്റ് 21 മുതല്‍ ഒക്ടോബര്‍ 23 വരെയായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍ എഴുതിയ ‘ഫയര്‍ ആന്റ് ബ്ലഡ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഇതിന്റെ കഥ.

2019ല്‍ ഇറങ്ങിയ ‘ഗെയിം ഓഫ് ത്രോണ്‍സ്’ സീരീസിലെ കഥാസന്ദര്‍ഭങ്ങള്‍ നടക്കുന്നതിനും മുന്നൂറ് വര്‍ഷങ്ങള്‍ മുമ്പുള്ള കഥയായിരുന്നു ‘ഹൗസ് ഓഫ് ഡ്രാഗണി’ലൂടെ പറയുന്നത്.

Content Highlight: House Of The Dragon Season 2 Release Date

We use cookies to give you the best possible experience. Learn more