| Monday, 29th August 2022, 1:21 pm

തീ തുപ്പി ഡ്രാഗണ്‍, യുദ്ധത്തിന് ആരംഭം; റിലീസിന് മുമ്പേ ഹൈപ്പുയര്‍ത്തി ഹൗസ് ഓഫ് ദി ഡ്രാഗണ്‍ എപ്പിസോഡ് മൂന്നിന്റെ പ്രിവ്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്തെമ്പാടും ആരാധകരുള്ള അമേരിക്കാന്‍ സീരീസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലായ ഹൗസ് ഓഫ് ദി ഡ്രാഗണിന്റെ രണ്ട് എപ്പിസോഡുകളും മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഗെയിം ഓഫ് ത്രോണ്‍സ് സംഭവിക്കുന്നതിനും 172 വര്‍ഷം മുമ്പ് ടാര്‍ഗേറിയന്‍സ് തമ്മില്‍ നടക്കുന്ന യുദ്ധമാണ് സീരിസിന്റെ പശ്ചാത്തലം.

ഇന്നലെയാണ് സീരിസിന്റെ രണ്ടാമത്തെ എപ്പിസോഡ് റിലീസ് ചെയ്തത്. മൂന്നാം എപ്പിസോഡിന്റെ പ്രിവ്യു വീഡിയോ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍ എച്. ബി. ഒ. ഗെയിം ഓഫ് ത്രോണ്‍സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വന്നത്.

‘ഏതുവഴിയാണെന്നറിയില്ല പക്ഷെ ഇതെല്ലം അവസാനിക്കും,എഗോന്‍ രാജാവാകും’  എന്ന് ഹാന്‍ഡ് ഓഫ് ദി കിങ് ഓട്ടോ ഹൈ ടവര്‍ പറയുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്നുള്ള രംഗങ്ങളില്‍ രാജാവിന്റെ പുതിയ അവകാശിയാകാവുന്ന കുട്ടിയേയും തന്റെ കല്ല്യാണത്തെ ചൊല്ലി കിങ് വിസേരിസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന റെനൈറയെയും നമുക്ക് വീഡിയോയില്‍ കാണാം. ത്രസിപ്പിക്കുന്ന യുദ്ധ രംഗങ്ങളാണ് പിന്നീട് വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഡ്രാഗണ്‍ വന്നു തീ ഊതന്ന രംഗങ്ങളും വീഡിയോയിലുണ്ട്.

എച്ച്. ബി. ഓയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടെലിവിഷന്‍ പ്രീമിയര്‍ എന്ന റെക്കോര്‍ഡ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍ നേടിയിരുന്നു . 10 മില്യണ്‍ ആളുകളാണ് സീരീസിലെ ആദ്യ എപ്പിസോഡ് കണ്ടത്. ആദ്യ എപ്പിസോഡിലെ പ്രസവരംഗം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഡാന്‍സ് ഓഫ് ദി ഡ്രാഗണ്‍ എന്ന ഡ്രാഗണുകള്‍ തമ്മിലുള്ള യുദ്ധമാണ് ഈ സീരീസിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന പ്രധാന ഘടകം. സാങ്കല്‍പിക ഭൂഖണ്ഡങ്ങളായ വെസ്റ്ററോസും എസ്സോസും പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സീരിസ് പ്രധാനമായും മൂന്നു പ്രമേയങ്ങളുമായാണ് പുരോഗമിക്കുന്നത്. വെസ്റ്ററോസിന്റെ ഭരണം കൈയാളുന്ന ഇരുമ്പ് സിംഹാസനം കൈക്കലാക്കാന്‍ ശക്തരായ ടാര്‍ഗേറിയന്‍സ് തമ്മിലുള്ള മത്സരമാണ് ഒന്ന്.

സിംഹാസനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ രാജാവിന്റെ പിന്‍ഗാമികള്‍ സിംഹാസനം വീണ്ടെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആണ് രണ്ടാമത്തെ പ്രമേയം. വെസ്റ്ററോസിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി ഭൂഖണ്ഡത്തിന്റെ വടക്ക് നിന്ന് ഉയരുന്ന വെല്ലുവിളികളും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുമാണ് മൂന്നാമത്തെ പ്രമേയം.

Content Highlight: house of the dragon episode three preview

We use cookies to give you the best possible experience. Learn more