ന്യൂദൽഹി: ദൽഹിയിലെ ഖജൂരി ഖാസിൽ നഗരവികസന അതോറിറ്റി (ഡി.ഡി.എ) പൊളിച്ചുമാറ്റിയ വീടുകളിലൊന്ന് ഉത്തരകാശിയിൽ തുരങ്കത്തിൽ അകപ്പെട്ട 41 പേരെ രക്ഷപ്പെടുത്തിയ വഖീൽ ഹസന്റേത്.
കഴിഞ്ഞ വർഷം നവംബറിലാണ് ഉത്തരകാശിയിലെ സിൽക്യാരയിൽ 17 ദിവസത്തോളം തകർന്നുപോയ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ റാറ്റ് ഹോൾ മൈണെഴ്സ് എന്നറിയപ്പെടുന്ന കൽക്കരി ഘനന തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തിയത്.
സിൽക്യാര തുരങ്കത്തിൽ 41 പേരെ രക്ഷപ്പെടുത്തിയതിന് തനിക്ക് ലഭിച്ച പ്രതിഫലം ഇതാണെന്ന് വഖീൽ നിരാശ പ്രകടിപ്പിച്ചു.
‘സിൽക്യാര തുരങ്കത്തിലെ 41 പേരെ ഞങ്ങൾ രക്ഷിച്ചു. പകരം ലഭിച്ചതോ, ഇതും. നേരത്തെ അധികാരികളോടും സർക്കാരിനോടും ഈ വീട് വിട്ടുനൽകണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. ഒരു പ്രയോജനവും ഉണ്ടായില്ല. ഇന്ന് ഒരു സൂചനയും നൽകാതെ ഡി.ഡി.എ വന്ന് വീട് പൊളിച്ചുമാറ്റി, വഖീൽ പറഞ്ഞു.
ആസൂത്രിത വികസന പദ്ധതിയുടെ ഭാഗമായ ഭൂമിയിലാണ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയത് എന്ന് ഡി.ഡി.എ അറിയിച്ചു.
താനും കുടുംബവും താമസിക്കുന്ന പ്രദേശത്തെ കെട്ടിടങ്ങൾ എല്ലാം പൊളിച്ചുമാറ്റിയെന്ന് അറിയിച്ച് വഖീൽ ഹസൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട്, സിൽക്യാരയിൽ രക്ഷാദൗത്യത്തിന് ഒപ്പം ഉണ്ടായിരുന്ന മുന്ന ഖുറേഷിക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പോയെന്നും പൊലീസുകാർ തങ്ങളെ മർദിച്ചെന്നും വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.
അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയതെന്നാണ് ദൽഹി പൊലീസ് പറയുന്നത്.
വഖീലും മുന്നയുമുൾപ്പെടെ രക്ഷാദൗത്യത്തിൽ ഉണ്ടായിരുന്ന അഞ്ച് പേർ ഖജൂരി ഖാസിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിൽ നിന്നുള്ളവരും.
Content Highlight: House of rat-hole miner involved in Uttarakhand tunnel rescue op razed in Delhi