കല്ല്യാണ്‍ സില്‍ക്‌സില്‍ ദളിത് സ്ത്രീ തൊഴിലാളിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് പരാതി
Daily News
കല്ല്യാണ്‍ സില്‍ക്‌സില്‍ ദളിത് സ്ത്രീ തൊഴിലാളിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2015, 1:03 pm

Kalyan-Silks-3തിരുവനന്തപുരം: ആറ്റിങ്ങല്‍ കല്ല്യാണില്‍ ദളിത് ജീവനക്കാരി ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കല്ല്യാണ്‍ സില്‍ക്ക്‌സിന്റെ ആറ്റിങ്ങല്‍ ശാഖയിലെ ഹൗസ് കീപ്പിങ് ജീവനക്കാരിയായ ബേബിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അഴിമുഖമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആറ്റിങ്ങള്‍ കല്ല്യാണ്‍ ശാഖയിലെ സൂപ്പര്‍വൈസറായ തപസ്യയും ഇയാളുടെ സാഹികളായ ഏതാനും ആളുകളാണ് ബേബിയെ ശാരീരിക ഉപദ്രവത്തിനിരയാക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തത്. മുന്‍ വൈരാഗ്യമാണ് ഇതിന് കാരണമെന്ന് ബേബി പറയുന്നു.

Baby3“ഹൗസ് കീപ്പിംഗ് സ്റ്റാഫ് ആയ ഞാന്‍ ക്ലീനിംഗ് ലോഷന്‍ എടുക്കാനായി മൂന്നാമത്തെ ഫ്‌ളോറില്‍ ചെന്നപ്പോള്‍ ആ ഫ്‌ളോറിന്റെ ചുമതല വഹിക്കുന്ന ബേബി എന്നുതന്നെ പേരുള്ള മറ്റൊരു സ്ത്രീ എന്നെ അകാരണമായി ശകാരിക്കുകയായിരുന്നു. മേശ തുടക്കുന്ന ടര്‍ക്കിയും ലോഷനും എടുക്കാന്‍ ചെല്ലുമ്പോള്‍ എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി വഴക്ക് പറയുന്നത് സ്ഥിരമാണ്.

മെയ് പതിനൊന്നാം തീയതി ഞാന്‍ ലോഷനെടുക്കാന്‍ ചെന്നപ്പോള്‍ ബേബി ആവശ്യമില്ലാതെ ഓരോന്ന് പറയുകയും ചീത്ത വാക്കുകള്‍ വിളിക്കുകയും ചെയ്തു. സഹികെട്ട്, നീയല്ലല്ലോ ഇവിടുത്തെ സൂപ്പര്‍വൈസര്‍ എന്നെനിക്ക് പറയേണ്ടി വന്നു. അതാണ് തുടക്കം.” ബേബി പറയുന്നു.

“ഈ സമയത്ത് അവിടുണ്ടായിരുന്ന വിഷ്ണു എന്ന സുപ്പര്‍വൈസര്‍ എന്റെ നേരെ തിരിഞ്ഞു. അയാള്‍ എന്നെ ഒരുപാട് വഴക്കു പറഞ്ഞു. എന്നാല്‍ ഒരു സ്ഥിരം സംഭവം ആയത് കൊണ്ട് ഞാന്‍ അത് കാര്യമാക്കിയില്ല. അന്ന് ഞാന്‍ ചെന്നപ്പോള്‍ സൂപ്പര്‍വൈസര്‍ തപസ്യ വാതില്‍ക്കലുണ്ടായിരുന്നു. എന്നെക്കണ്ട ഉടനെ അയാള്‍ ദൂരെ നിന്നും “നിന്നെ പുറത്താക്കി നീ കേറണ്ട, എന്തിനാ വന്നത്” എന്നൊക്കെ ചോദിച്ചു കൊണ്ട് എന്റടുത്തേക്കുവന്നു.
Kalyan-Silks
കസ്റ്റമേഴ്‌സിന്റേയും മറ്റു സ്റ്റാഫുകളും എല്ലാവരുടെയും മുന്നില്‍ വച്ചാണ് അയാളെന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചത്. ഞാന്‍ മൂന്നാമത്തെ ഫ്‌ളോറില്‍ പോയപ്പോള്‍ അയാള്‍ അവിടെയും വന്നു. ഇറങ്ങെടി എന്നൊക്കെ പറഞ്ഞ് ഒച്ചവച്ചു.” ബേബി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് വനിതാകമ്മീഷനിലും ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം നടക്കുന്നുണ്ടെന്ന മറുപടി ലഭിക്കുന്നുണ്ടെന്നല്ലാതെ ആര്ക്ക് നേരെയും നടപടിയുണ്ടായിട്ടില്ല. അതേസമയം ബേബിയ്‌ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്.

തൊഴിലാളികളോടുള്ള സമീപനത്തില്‍ നേരത്തെ തന്നെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥാപനമാണ് കല്ല്യാണ്‍. നേരത്തെ കല്ല്യാണ്‍ സില്‍ക്ക്‌സിന്റെ തൃശൂര്‍ ശാഖയില്‍ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അനുവദിച്ചു തരാതിരിക്കുകയും ഇതിനെതിരെ പ്രതിഷേധിച്ച വനിതാ തൊഴിലാളികളെ അന്യായമായി സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ഇതിനെതിരെ അസംഘടിത തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ വനിതാ തൊഴിലാളികള്‍ ഇരിക്കല്‍ സമരം നടത്തുകയും തുടര്‍ന്ന് കല്ല്യാണ്‍ വിട്ടുവീഴ്ച്ചക്കൊരുങ്ങുകയുമായിരുന്നു.

 

വംശീയ വിദ്വേഷം നിറഞ്ഞ പരസ്യവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ് (22.04.2015)

കല്യാണ്‍ സാരീസ് മുട്ടു മടക്കി: ഇരിക്കല്‍ സമരം വിജയിച്ചു (14.04.2015)

കല്ല്യാണിനെതിരെ നടന്നത് രണ്ട് സമരങ്ങള്‍; ഒന്ന് വംശീയതയ്‌ക്കെതിരെങ്കില്‍ മറ്റൊന്ന് തൊഴിലാളി വിരുദ്ധതയ്‌ക്കെതിരെ; രണ്ടിലും ചരിത്ര വിജയം (27.04.2015)

ഡൂള്‍ ന്യൂസ് വാര്‍ത്തയ്ക്ക് കല്യാണിന്റെ മറുപടി; ഖേദം പ്രകടിപ്പിക്കുന്നു, വിവാദ പരസ്യം പിന്‍വലിക്കും (22.04.2015)