ന്യൂദല്‍ഹി: ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ വിഷയം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്.
വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിവരസാങ്കേതിക വിദ്യ (ഐ.ടി) പാര്‍ലമെന്ററി സമിതിയില്‍ വിഷയത്തില്‍ തര്‍ക്കം മുറുകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
വിദ്വേഷ പ്രചരണങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടി വരുമ്പോള്‍ ഭരണ കക്ഷിയായ ബി.ജെ.പിയോട് ഫേസ്ബുക്ക് പക്ഷപാതം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ ഫേസ്ബുക്ക് എക്‌സിക്യൂട്ടീവുകളോട് വിശദീകരണം തേടണമെന്ന ആവശ്യം ഐ.ടി പാനലില്‍ നിന്ന് ശക്തമായി ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സമിതിയിലെ ബി.ജെ.പി അംഗവും എം.പിയുമായ നിഷികാന്ത് ദുബെ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു.
ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നതിനെതിരെ പോളിസി ഹെഡ് അങ്കി ദാസ് ഉപദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ കമ്പനിയില്‍ നിന്ന് വിശദീകരണം കേള്‍ക്കാന്‍ കമ്മിറ്റി ആഗ്രഹിക്കുന്നുവെന്നാണ് ഐ.ടി പാനല്‍ അധ്യക്ഷന്‍ ശശി തരൂര്‍ പറഞ്ഞത്. എന്നാല്‍ വിശദീകരണം തേടാന്‍ തരൂരിന് ഫേസ്ബുക്കിനെ വിളിക്കാന്‍ കഴിയില്ലെന്നാണ് സമിതി അംഗവും ബി.ജെ.പി എം.പിയുമായ നിഷികാന്ത് ദുബെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.
‘അധ്യക്ഷന്‍ എന്ന നിലയില്‍ തരൂരിന്റെ അധികാരങ്ങള്‍ സ്പീക്കര്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. സാക്ഷിയെ വിളിച്ചുവരുത്താനുള്ള അവകാശം സെക്രട്ടറി ജനറലിനാണെന്ന് റൂള്‍ 269 പറയുന്നുണ്ട്’ ദുബെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
എന്നാല്‍ ആരെയാണ് വിശദീകരണത്തിന് വിളിക്കേണ്ടതെന്ന് അധ്യക്ഷന്റെ തീരുമാനമാണെന്നും
ഫേസ്ബുക്കിന്റെ താല്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിയുടെ തകിടംമറിച്ചല്‍ കാണുമ്പോള്‍ അതിശയം തോന്നുന്നുവെന്നും സമതി അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നു.
സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് പറഞ്ഞ തരൂര്‍ ഇത്രയും വലിയ പൊതുതാല്‍പര്യമുള്ള ഒരു കാര്യം ഏറ്റെടുക്കരുതെന്ന് ഒരു എം.പി നിര്‍ദ്ദേശിക്കുന്നത് അസാധാരണമാണെന്നും നിഷികാന്ത് ദുബെയുടെ നടപടിയെ വിമര്‍ശിച്ച് തരൂര്‍ പറഞ്ഞു.
CONTENT HIGHLIGHTS: House IT panel divided on summoning Facebook