| Monday, 11th January 2021, 10:46 pm

'കലാപത്തിന് പ്രേരിപ്പിച്ചു'; ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ച് ഡെമോക്രാറ്റ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് പ്രമേയത്തില്‍ പറഞ്ഞത്.

കഴിഞ്ഞ ആഴ്ച യു.എസ് ക്യാപിറ്റോളിലുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തിന് പ്രേരണ നല്‍കിയതിന് പിന്നില്‍ ട്രംപ് ആണെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതായുള്ള നിരന്തര വാദവും ജനുവരി ആറിന് തന്റെ അനുയായികള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗവും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ജോബൈഡന്‍ അധികാരമേറ്റെടുത്ത് നൂറ് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയുള്ളുവെന്നാണ് സൂചന.

സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റ് ലീഡര്‍ ചക്ക് ഷൂമറും 25ാം ഭേദഗതി നടപ്പിലാക്കി പ്രസിഡന്റിനെ പുറത്താക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റിനെ പുറത്താക്കി വൈസ് പ്രസിഡന്റിന് താല്‍ക്കാലിക ചുമതല നല്‍കുന്ന ഭേദഗതിയാണിത്.

തിങ്കളാഴ്ച ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികളുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്യാപിറ്റോളില്‍ അക്രമം നടത്തിയവരോട് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ഏറെ പ്രിയപ്പെട്ടവരാണെന്നും ട്രംപ് പറഞ്ഞിരുന്നു. നമ്മുടെ രാജ്യം തിരിച്ചുപിടിക്കാനായി പോരാടണം ഞാനും നിങ്ങള്‍ക്കൊപ്പം അണിനിരക്കുമെന്നെല്ലാമായിരുന്നു ആക്രമണത്തിന് തൊട്ടുമുന്‍പ് ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിച്ചത്. ഇത്തരത്തില്‍ ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ട്രംപിനെ പുറത്താക്കാനൊരുങ്ങുന്നത്.

2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു കൂടി ട്രംപിനെ വിലക്കുന്നതാവും ഈ നടപടി. ഇംപീച്ച്മെന്റ് നടപ്പിലായാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് തവണ പുറത്താക്കല്‍ നേരിട്ട പ്രസിഡന്റാകും ട്രംപ്. 2019ല്‍ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പാസാക്കിയിരുന്നെങ്കിലും സെനറ്റില്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ളതിനാല്‍ നടപ്പിലാകാതെ പോകുകയായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തെ അപലിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: House Democrats introduce impeachment resolution, charging Trump with ‘incitement of insurrection’

We use cookies to give you the best possible experience. Learn more