യു.എസില്‍ ഹക്കീം ജെഫ്രീസിന്റെ പുതുചരിത്രം; ജനപ്രതിനിധി സഭയില്‍ ഒരു പാര്‍ട്ടിയെ നയിക്കാനെത്തുന്ന ആദ്യ കറുത്ത വംശജന്‍
World News
യു.എസില്‍ ഹക്കീം ജെഫ്രീസിന്റെ പുതുചരിത്രം; ജനപ്രതിനിധി സഭയില്‍ ഒരു പാര്‍ട്ടിയെ നയിക്കാനെത്തുന്ന ആദ്യ കറുത്ത വംശജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st December 2022, 9:53 am

വാഷിങ്ടണ്‍: അമേരിക്കയില്‍ ജനപ്രതിനിധി സഭയില്‍ (House of Representatives) ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിക്കാന്‍ ആദ്യമായി കറുത്ത വംശജന്‍. നാന്‍സി പെലോസി സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഹക്കീം ജെഫ്രീസ് (Hakeem Jeffries) ചേംബറില്‍ പാര്‍ട്ടിയെ നയിക്കാനെത്തുന്നത്.

ബുധനാഴ്ച കാപിറ്റോള്‍ ഹില്ലില്‍ വെച്ച് നടന്ന യോഗത്തിന് ശേഷമായിരുന്നു ജെഫ്രീസിനെ തങ്ങളുടെ അടുത്ത നേതാവായി ഹൗസ് ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുത്തത്.

അടുത്ത വര്‍ഷമായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുക. ഈ വരുന്ന ജനുവരിയില്‍ ജനപ്രതിനിധി സഭയിലെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും രാജിവെക്കുമെന്ന് പെലോസി നവംബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

52കാരനായ ഹക്കീം ജെഫ്രീസ് 2019 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ളയാളാണ്. 2013 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജനപ്രതിനിധിയാണ് അഭിഭാഷകന്‍ കൂടിയായ ജെഫ്രീസ്.

ന്യൂയോര്‍ക്ക് നഗരത്തിലെ കിഴക്കന്‍ ബ്രൂക്ക്‌ലിന്‍, തെക്കുപടിഞ്ഞാറന്‍ ക്വീന്‍സ് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.

യു.എസ് കോണ്‍ഗ്രസിന്റെ രണ്ട് ചേംബറുകളിലുമായി (ജനപ്രതിനിധി സഭ, സെനറ്റ്) രണ്ട് പ്രധാന പാര്‍ട്ടികളില്‍ ഏതെങ്കിലുമൊന്നിന്റെ (ഡെമോക്രാറ്റിക് പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി) നേതൃസ്ഥാനത്തെത്തുന്ന ആദ്യത്തെ കറുത്ത വംശജന്‍ കൂടിയാണ് ജെഫ്രീസ്.

”പുതിയ തലമുറയിലെ ഈ നേതാക്കള്‍ നമ്മുടെ രാജ്യത്തിന്റെ ചടുലതയും വൈവിധ്യവുമാണ് പ്രതിഫലിപ്പിക്കുന്നത്,” ബുധനാഴ്ച നടന്ന വോട്ടെടുപ്പിന് പിന്നാലെ ഹക്കീം ജെഫ്രീസിനെ അഭിനന്ദനിച്ചുകൊണ്ട് നാന്‍സി പെലോസി പറഞ്ഞു.

അതേസമയം, ഈയിടെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ജനപ്രതിനിധി സഭയില്‍ മേധാവിത്തം നേടിയത്. റിപ്പബ്ലിക്കന്‍സ് 220 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 213 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ.

435 അംഗങ്ങളുള്ള ഹൗസില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 218 സീറ്റുകളാണ് നേടേണ്ടത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്തമുള്ള സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിക്കാനാണ് ഇപ്പോള്‍ ഹക്കീം ജെഫ്രീസ് എത്തുന്നത്.

ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റില്‍ പക്ഷെ ഇരു പാര്‍ട്ടികളും ഏറെക്കുറേ ഒപ്പത്തിനൊപ്പമാണ്. ഭൂരിപക്ഷത്തിന് 51 സീറ്റുകള്‍ വേണ്ട സെനറ്റില്‍ റിപ്പബ്ലിക്കന്‍സിന് 49 സീറ്റുകളിലും ഡെമോക്രാറ്റുകള്‍ക്ക് 48 സീറ്റുകളിലുമാണ് വിജയിക്കാനായത്.

ആര്‍ക്കും സെനറ്റില്‍ ഭൂരിപക്ഷം തെളിയിക്കാനായിട്ടില്ല.

Content Highlight: House Democrats chose Hakeem Jeffries to succeed Nancy Pelosi, the first Black lawmaker to lead a party in Congress