'നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള'; കശ്മീരിലെ കേന്ദ്രത്തിന്റെ അസാധാരണ നടപടിക്കെതിരെ ശശി തരൂര്‍
Kashmir Turmoil
'നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള'; കശ്മീരിലെ കേന്ദ്രത്തിന്റെ അസാധാരണ നടപടിക്കെതിരെ ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 8:09 am

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ സൈനികനീക്കത്തിന്റെ ഭാഗമായി അകാരണമായി വീട്ടുതടങ്കലിലായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്ക് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഐക്യദാര്‍ഢ്യം. ഇന്ത്യക്കാരനായ ഓരോ ജനാധിപത്യവാദിയും കശ്മീരിലെ മുഖ്യധാരാ നേതാക്കളോടൊപ്പം നില്‍ക്കുമെന്നു തരൂര്‍ ട്വീറ്റ് ചെയ്തു.

‘നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള. ജനാധിപത്യവാദിയായ ഓരോ ഇന്ത്യക്കാരനും നമ്മുടെ രാജ്യത്തിനായി സര്‍ക്കാര്‍ കരുതിവെച്ചതെന്താണോ അതിനെ നേരിടാനൊരുങ്ങുന്ന കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്കൊപ്പം നിലനില്‍ക്കും.

പാര്‍ലമെന്റില്‍ ഇപ്പോഴും സമ്മേളനം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ശബ്ദം ഒടുങ്ങിയിട്ടില്ല.’- അദ്ദേഹം പറഞ്ഞു.

വീട്ടുതടങ്കലിന്റെ വാര്‍ത്ത വന്നതിനു പിറകെ തരൂരിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ‘അവരെ നമ്മള്‍ ഒഴിവാക്കിയാല്‍ പിന്നെയാരാണു ബാക്കികാണുക? ജമ്മു കശ്മീരില്‍ എന്താണു നടക്കുന്നത്? തെറ്റൊന്നും ചെയ്യാത്ത നേതാക്കളെ എന്തിനാണ് അര്‍ധരാത്രി അറസ്റ്റ് ചെയ്യുന്നത്?

കശ്മീരികള്‍ നമ്മളുടെ പൗരന്മാരാണ്. അവരുടെ നേതാക്കള്‍ നമ്മുടെ പങ്കാളികളാണ്. ഭീകരര്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ നീങ്ങുമ്പോള്‍ മുഖ്യധാരയിലുള്ളവരെ നമ്മള്‍ കൂടെനിര്‍ത്തണ്ടേ?’- അദ്ദേഹം ചോദിച്ചു.

മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സി.പി.ഐ.എം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എയുമായ ഉസ്മാന്‍ മജീദ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവരാണ് വീട്ടുതടങ്കലിലായത്.

ഇവരെ വീട്ടുതടങ്കലിലാക്കിയതിന്റെ കാരണം വ്യക്തമല്ല. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സൈനികനീക്കം. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രം കശ്മീരില്‍ രണ്ടുതവണയായി 38,000 അര്‍ധസൈനികരെ വിന്യസിച്ചത്.

കൂടാതെ ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. പൊതുയോഗങ്ങളും റാലികളും നിരോധിച്ചിട്ടുമുണ്ട്.

ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ ട്വിറ്ററിലൂടെയാണ് തങ്ങള്‍ വീട്ടുതടങ്കലിലായ കാര്യം അറിയിക്കുന്നത്. തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം സംസ്ഥാനത്തുടനീളം വിച്ഛേദിക്കുകയും ചെയ്തു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒട്ടാകെ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇന്ന് അര്‍ദ്ധരാത്രിയില്‍ ഞാന്‍ വീട്ടുതടങ്കലിലാവുമെന്ന് ഞാന്‍ കരുതുന്നു. മറ്റ് നേതാക്കളും ഇത് കരുതിയിരിക്കണം. അള്ളാഹു രക്ഷിക്കട്ടെ’, ഒമര്‍ അബ്ദുള്ള നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

നേരത്തേ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് സംസ്ഥാനത്തു സുരക്ഷ കര്‍ശനമാക്കിയത്. തുടര്‍ന്നു സംസ്ഥാനത്തു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമവും ഉണ്ടായി.

അമര്‍നാഥ് തീര്‍ഥാടകരും വിദേശസഞ്ചാരികളും സംസ്ഥാനം വിടണമെന്നായിരുന്നു കേന്ദ്ര മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് കൈയില്‍ കിട്ടുന്നതെല്ലാമെടുത്ത് ഇതരസംസ്ഥാന തൊഴിലാളികളും സംസ്ഥാനം വിടുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തരമന്ത്രാലയം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു.

‘വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ പറയുന്നത് കശ്മീര്‍ പുറത്തുനിന്നു വരുന്നവര്‍ക്കു സുരക്ഷിതമല്ലെന്നാണ്.’- വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയവും ഉണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ മറ്റു കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതെന്നും രാഷ്ട്രീയനേതാക്കള്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ സത്യപാല്‍ നായിക് വ്യക്തമാക്കി.