ന്യൂദല്‍ഹി: അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ ജയിലിലടയ്ക്കരുതെന്ന് സുപ്രീംകോടതി. ഇവരെ സെപ്തംബര്‍ 6 വരെ വീട്ടുതടങ്കലില്‍ സൂക്ഷിച്ചാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ചോദ്യംചെയ്ത് റോമിലാ ഥാപ്പറും, പ്രഭാത് പട്നായ്കും സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ പ്രതികരണം. ഇവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സുംപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇന്നലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കവി വരാവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെറാറിയ, ഗൗതം നവ്ലാഖ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. ഇവരെല്ലാവരും വലതുപക്ഷ-സംഘപരിവാര്‍ വിരുദ്ധരാണ്.
രാജ്യത്തൊട്ടാകെ ഒന്‍പതു സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളിലാണ് പൂനെ പൊലീസ് റെയ്ഡ് നടത്തിയത്. 2017ല്‍ നടന്ന ഭീമ-കോര്‍ഗാവ് അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകളെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
അതേസമയം ഇവര്‍ക്കെതിരെ തെളിവുകളുണ്ടെന്നാണ് പൂനെ പൊലീസിന്റെ വിശദീകരണം.
WATCH THIS VIDEO: