ന്യൂയോര്‍ക്ക്:മുസലിം കുടിയേറ്റം വിലക്കിയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെ തെക്കന്‍ ടെക്‌സാസിലെ പള്ളി തീയിട്ടു നശിപ്പിച്ച നിലയില്‍. ഹൗസ്റ്റണില്‍ നിന്നും 125 മൈല്‍ അകലെയുള്ള ദ ഇസ്‌ലാമിക് സെന്റര്‍ ഓഫ് വിക്ടോറിയയാണ് അഗ്നിക്കിരയാക്കിയത്.
പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പള്ളി അഗ്നിക്കിരയായത്. പള്ളിയുടെ പ്രസിഡന്റ് ഷാഹിദ് ഹഷ്മി നോക്കിനില്‍ക്കെയാണ് ഇത് കത്തിനശിച്ചത്.
” വളരെ വലിയ അഗ്നിബാധയായിരുന്നു. പള്ളി തകര്‍ന്നുവീഴുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.” ഷാഹിദ് ഹഷ്മി പറഞ്ഞു.
അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിക്ടോറിയ ഫയര്‍ മാര്‍ഷല്‍ ടോം ലെഗ്ലര്‍ അറിയിച്ചു. അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ ടെക്‌നാസ് ഫയര്‍മാര്‍ഷല്‍സ് ഓഫീസിന്റെയും ഫെഡറല്‍ ബ്യൂറോ ഓഫ് ഫയറാംസിന്റെയും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. നാലു മണിക്കൂറിലേറെ എടുത്താണ് തീയണച്ചത്. പള്ളി പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
ജനുവരി ഏഴിന് ഓസ്റ്റിനിലെ ലെയ്ക്ക് ട്രാവിസിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ഒരു പള്ളിയും ഇത്തരത്തില്‍ തീയിട്ടു നശിപ്പിക്കപ്പെട്ടിരുന്നു.
ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം അഭയാര്‍ത്ഥികള്‍ യു.എസില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് വന്നതിനു പിന്നാലെയാണ് പള്ളി തീയിട്ടു നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
തീവെപ്പ് ആദ്യമാണെങ്കിലും ഇതിനുമുമ്പും വിക്ടോറിയ പള്ളിയെ അക്രമികള്‍ ലക്ഷ്യമിട്ടിരുന്നു. ഒരാഴ്ച മുമ്പ് ഇതേ പള്ളിയില്‍ കവര്‍ച്ച നടന്നിരുന്നു. 2013ല്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ ഒരാള്‍ വിദ്വേഷ പരാമര്‍ശമെഴുതിവെച്ചിരുന്നു.