| Thursday, 27th September 2018, 10:33 am

ഇനിയും അത് തന്നെ ചെയ്യും; രാജ്യദ്രോഹത്തിന് കേസെടുത്ത് പേടിപ്പിക്കാന്‍ നോക്കണ്ട; മോദിക്കെതിരെ ദിവ്യ സ്പന്ദനയുടെ മാസ് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയില്‍ രൂക്ഷപരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ്ഡുമായ ദിവ്യ സ്പന്ദന.

മോദി കള്ളന്‍ തന്നെയാണ്. അത് ഇനിയും പറയും. രാജ്യദ്രോഹത്തിന് കേസെടുത്ത് പേടിപ്പിക്കാനൊന്നും നോക്കണ്ടെന്നും ദിവ്യ സ്പന്ദന പറഞ്ഞു.

#PMChorHai, എന്ന് ഹാഷ് ടാഗ് ഇട്ടായിരുന്നു എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്ന ഭരണകൂടത്തിന്റെ നടപടിക്കെതിരെ ദിവ്യ സ്പന്ദന തിരിച്ചടിച്ചത്.

“” എനിക്ക് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി. എന്റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവരോടും നന്ദി. എന്താണ് ഇപ്പോള്‍ ഞാന്‍ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി നന്നായി ട്വീറ്റ് ഇടാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്നും രാജ്യം മാറിനില്‍ക്കണം. പലരും ആ നിയമം ദുരുപയോഗം ചെയ്യുകയാണ്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തവരോട് , ഒരു കാര്യം മോദി കള്ളന്‍ തന്നെയാണ്””- എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ മാസ് മറുപടി.

ലഖ്നൗവിലെ ഗോമ്തിനഗര്‍ പൊലീസാണ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നത്. ഐ.പി.സി സെക്ഷന്‍ 124-A പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷന്‍ 67 (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അമന്‍മെന്റ് ) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

അഭിഭാഷകനായ സയ്യിദ് റിസ്വാനി അഹമ്മദിന്റെ പരാതിയിലാണ് ദിവ്യ സ്പന്ദനക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അങ്ങേയറ്റം അപമാനിക്കുന്ന പോസ്റ്റാണ് ദിവ്യ സ്പന്ദന കഴിഞ്ഞ ദിവസം പുറത്തുവിട്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചാണ് അവര്‍ അപമാനിച്ചതെന്നും സയ്യിദ് റിസ്വാനി പറയുന്നു.


ജയലളിതയെ ചികിത്സക്കായി അമേരിക്കയിലേക്ക് മാറ്റാനൊരുങ്ങിയപ്പോള്‍ തടഞ്ഞത് അപ്പോളോ ആശുപത്രിക്കാര്‍; വെളിപ്പെടുത്തലുമായി പനീര്‍ശെല്‍വം


പ്രധാനമന്ത്രിക്ക് നേരെ വിദ്വേഷ പ്രചരണമാണ് ദിവ്യ സ്പന്ദന നടത്തിയതെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ അപമാനിക്കലാണ് ഇതെന്നും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതാണ് പോസ്റ്റെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു

അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയെ കള്ളനെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു.

രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനാണെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. റാഫേല്‍ കരാര്‍ റിലയന്‍സിന് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചുകൊണ്ട് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

ഒരാ ദിവസവും പ്രതിരോധമന്ത്രി പുതിയ പുതിയ കള്ളങ്ങള്‍ പറയുകയാണെന്നും ചരിത്രത്തിലാദ്യമായി ഒരു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നമ്മുടെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് നമുക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന ബോധ്യം ഇന്ത്യന്‍ ജനതയുടെ മനസില്‍ ഉറച്ചു കഴിഞ്ഞെന്നും രാഹുല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more