ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി ദല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കൗണ്‍സിലര്‍മാരും.
ദല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദിയാണ് (Ali Mehdi) പാര്‍ട്ടി വിട്ട് ആം ആദ്മിയില്‍ ചേരുകയും തൊട്ടുപിന്നാലെ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയും ചെയ്തത്.
എന്നാല്‍ തൊട്ടുപിന്നാലെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഇതില്‍ മാപ്പ് പറഞ്ഞുകൊണ്ട് അലി മെഹ്ദി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെക്കുകയായിരുന്നു. താന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെന്നും മെഹ്ദി പ്രഖ്യാപിച്ചു.
”എനിക്ക് വലിയ തെറ്റുപറ്റി. എന്റെ പിതാവ് 40 വര്‍ഷമായി കോണ്‍ഗ്രസിലുള്ള ആളാണ്. ഞാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തകനാണ്,” എന്നൊക്കെയാണ് വീഡിയോയില്‍ മെഹ്ദി പറയുന്നത്. ആം ആദ്മിയില്‍ ചേര്‍ന്നതിന് അദ്ദേഹം തുടര്‍ച്ചയായി കൈ കൂപ്പിക്കൊണ്ട് മാപ്പ് പറയുന്നുമുണ്ട്.
”കൗണ്‍സിലര്‍ നസിയ ഖാത്തൂനും സബില ബീഗവും ഞങ്ങളുടെ ബ്ലോക്ക് പ്രസിഡന്റ് അലീം അന്‍സാരിയും രാഹുല്‍ ജിയുടെയും പ്രിയങ്ക ജിയുടെയും പ്രവര്‍ത്തകരാണ്, അങ്ങനെ തന്നെ തുടരും. രാഹുല്‍ ഗാന്ധി സിന്ദാബാദ്,” വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ അലി മെഹ്ദി ട്വീറ്റ് ചെയ്തു. കൗണ്‍സിലര്‍മാരും സമാനമായി വീഡിയോ പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Brijpuri से councilor Naziya khatoon, Mustafabad से councilor Sabila Begum aur 300 वोट से हारा हमारा ब्लॉक अध्यक्ष अलीम अंसारी मेरे साथ कॉंग्रेस के राहुल जी प्रियंका जी के कार्यकर्ता थे ,है और रहेंगे….. Rahul Gandhi zindabad 🙏 pic.twitter.com/KiwMb5p07X
അതേസമയം, അലി മെഹ്ദിയുടെ ‘മറുകണ്ടം ചാടലിനെ’ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അലി മെഹ്ദി ഒരു പാമ്പാണെന്നും പണം വാങ്ങിയാണ് ആം ആദ്മിയിലേക്ക് പോയതെന്നും യൂത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജ് മനു ജെയ്ന്‍ പ്രതികരിച്ചു.
ഇതിന് പന്നാലെയാണ് മെഹ്ദി മാപ്പ് പറഞ്ഞുകൊണ്ട് എത്തിയത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ് സബില ബീഗവും നസിയ ഖാത്തൂനും.
ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനമികവ് കണ്ടാണ് മൂന്നുപേരും പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് എ.എ.പി നേതാവ് ദുര്‍ഗേഷ് പതക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
‘കെജ്‌രിവാളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് എ.എ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ നാട്ടിലും വികസനമെത്തിക്കണം. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എ.എ.പി പാര്‍ട്ടി രാജ്യതലസ്ഥാനം വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്’, എന്ന് എ.എ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അലി മെഹ്ദിയും പറഞ്ഞിരുന്നു.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലത്തതിനാല്‍ ഇവരെ അയോഗ്യരാക്കാനും സാധിച്ചിരുന്നില്ല.
അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്തി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ചരിത്ര വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. 250 സീറ്റുകളില്‍ 134 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചെടുത്തത്. ബി.ജെ.പിക്ക് 104 സീറ്റുകളാണ് ലഭിച്ചത്.
ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് ആം ആദ്മി ഭരണത്തില്‍ വരുന്നത്. 2015ല്‍ 70ല്‍ 67 സീറ്റും നേടി എ.എ.പി സംസ്ഥാന ഭരണം പിടിച്ചപ്പോഴും അതുകഴിഞ്ഞുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചിരുന്നു.
Content Highlight: hours after joining Aam Aadmi Party, Delhi Congress Vice President Ali Mehdi said he has rejoined Congress