ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകം കഫീല്‍ ഖാന് വീണ്ടും സസ്‌പെന്‍ഷന്‍; ന്യായീകരണവുമായി യു.പി സര്‍ക്കാര്‍
Gorakhpur tragedy
ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകം കഫീല്‍ ഖാന് വീണ്ടും സസ്‌പെന്‍ഷന്‍; ന്യായീകരണവുമായി യു.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2019, 9:50 am

 

ലക്‌നൗ: ഗോരഖ്പൂരില്‍ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കിമണിക്കൂറുകള്‍ക്കകം ഡോ. കഫീല്‍ ഖാന് വീണ്ടും സസ്‌പെന്‍ഷന്‍. കഫീല്‍ ഖാന്  ക്ലീന്‍ ചിറ്റൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുറ്റക്കാരാനാണെന്നതിന് തെളിവുണ്ടെന്നും പറഞ്ഞാണ് യു.പി സര്‍ക്കാര്‍ നടപടി.

കഫീല്‍ ഖാനെതിരെ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി കഫീല്‍ ഖാന് നല്‍കിയെന്നും അപൂര്‍ണമായ വസ്തുതകള്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കു നല്‍കി അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണെന്നും യു.പി സര്‍ക്കാര്‍ ആരോപിക്കുന്നു.

കഫീല്‍ ഖാനെതിരെ ചുമത്തിയ നാല് കുറ്റങ്ങളില്‍ രണ്ടെണ്ണം ശരിയാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതിന്മേലുള്ള തീരുമാനം ഉടനുണ്ടാവും. ഇതുകൂടാതെ അച്ചടക്കലംഘനത്തിന് അദ്ദേഹത്തിനെരി മറ്റൊരു വകുപ്പുതല നടപടിയും പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ആശുപത്രിയില്‍ നിയമിതനായിട്ടും മെഡിസ്പ്രിങ് ഹോസ്പിറ്റലിലെ നഴ്‌സിങ് ഹോമില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന ആരോപണം കഫീല്‍ ഖാനെതിരെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് അദ്ദേഹത്തിനു ലഭിച്ചത്.

2017ല്‍ കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അഴിമതിയോ കൃത്യവിലോപമോ കഫീല്‍ ഖാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സംഭവവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാനെ ആശുപത്രിയില്‍ നിന്നും സസ്പെന്റ് ചെയ്യുകയും ഏഴുമാസത്തോളം തടവില്‍ കഴിയേണ്ടിവരികയും ചെയ്തിരുന്നു.

സംഭവം നടക്കുന്ന സമയത്ത് എന്‍സിഫലിസിസ് വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ കഫീല്‍ ഖാന്‍ അല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം അവധിയില്‍ ആയിരുന്നിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ചെയ്തു. തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് 500 ജംബോ ഓക്സിജന്‍ സിലിണ്ടറുകള്‍ അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ്രവ ഓക്സിജന്റെ ടെണ്ടര്‍ , സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഫീല്‍ ഖാന്‍ ഉത്തരവാദിയല്ല. ആഗസ്റ്റ് 10-12 ദിവസങ്ങളിലായി മെഡിക്കല്‍ കോളജില്‍ 54 മണിക്കൂറോളം ദ്രവ ഓക്സിജന്റെ അഭാവമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

2017 ആഗസ്റ്റില്‍ 60ലേറെ കുട്ടികളാണ് ഗോരഖ്പൂരില്‍ മരണപ്പെട്ടത്. ഓക്സിജന്‍ വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയര്‍ന്നിരുന്നു.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ