| Friday, 3rd May 2019, 4:54 pm

എ.എ.പി എം.എല്‍.എ അനില്‍ ബാജ്‌പേയി ബി.ജെ.പിയില്‍ ചേര്‍ന്നു; കൂറുമാറ്റം ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് കെജ്‌രിവാള്‍ ആരോപണമുന്നയിച്ചതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. ഗാന്ധിനഗര്‍ എം.എല്‍.എയായ അനില്‍ ബാജ്‌പേയിയാണ് പാര്‍ട്ടി വിട്ടത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും ദല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള ശ്യാം ജാജു, കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബാജ്‌പേയി ബി.ജെ.പിയില്‍ ചേര്‍ന്നത്.

10 കോടി രൂപ വാഗ്ദാനം ചെയ്ത് എ.എ.പി എം.എല്‍.എമാരെ ബി.ജെ.പി വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അനില്‍ ബാജ്‌പേയി ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്.

14 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയലും അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എം.എല്‍.എമാരെ വിലയ്‌ക്കെടുത്ത് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ താഴെയിറക്കുന്നതാണോ ജനാധിപത്യത്തെ കുറിച്ചുള്ള മോദിയുടെ നിര്‍വചനമെന്ന് കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

മെയ് 12നാണ് ദല്‍ഹിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബംഗാളില്‍ 40 തൃണമൂല്‍ എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന തന്നെ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more