| Friday, 24th April 2020, 8:28 am

പരിശോധന കര്‍ശനമാക്കാന്‍ കേരളം; ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ഏത് ചികിത്സക്കെത്തിയാലും കൊവിഡ് പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡിനെ പ്രതിരോധിക്കാന്‍ പരിശോധന കര്‍ശനമാക്കി കേരളം. ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ നിന്നുള്ളവര്‍ ഏത് രോഗത്തിന് ചികിത്സ തേടിയാലും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനമായത്.

ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരിലും പരിശോധന നടത്തുന്നത് കൂടുതല്‍ ഫലപ്രദമാകും.

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളെയാണ് സംസ്ഥാനത്ത് കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആക്കി മാറ്റിയിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ സമ്പര്‍ക്കം മൂലവും രോഗം പടരാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.

അതേസമയം ഹോട്ട്‌സ്‌പോട്ടുകളില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് പരിശോധിക്കുന്നതിലൂടെ സമൂഹവ്യാപനമുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സാധിക്കുമെന്നും വിദഗ്ധ സമിതി അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് എത്തുന്നവരിലും കൊവിഡ് പരിശോധന നടത്തും.

വിദേശത്തു നിന്ന് എത്തുന്ന എല്ലാവരിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവരിലും പരിശോധന നടത്തും.

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും അതിര്‍ത്തികള്‍ വഴി കേരളത്തിലേക്കെത്തിയ പലരിലും രോഗം സ്ഥിരീകരിച്ചതോടെയാണ് തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more