റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്
national news
റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th July 2022, 7:03 pm

ന്യൂദല്‍ഹി: റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

സേവന നിരക്കുകള്‍ ഈടാക്കുന്ന ഹോട്ടലുകള്‍/ റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കെതിരെ ഉപഭോക്താക്കള്‍ക്ക് ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1915-ല്‍ പരാതി നല്‍കാമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

മറ്റ് പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബില്ലില്‍ ചേര്‍ത്തും സര്‍വീസ് ചാര്‍ജ് ഈടാക്കരുത് എന്ന് ഉത്തരവില്‍ പറയുന്നു.

സര്‍വീസ് ചാര്‍ജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍/ റെസ്റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കണം. അവരോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ സ്വമേധയ ചാര്‍ജ് വര്‍ധിപ്പിക്കാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

‘മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒരു ഹോട്ടലോ റസ്റ്റോറന്റോ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായി ഏതെങ്കിലും ഉപഭോക്താവ് കണ്ടെത്തുകയാണെങ്കില്‍, ബില്‍ തുകയില്‍ നിന്ന് അത് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട സ്ഥാപനത്തോട് അഭ്യര്‍ത്ഥിക്കാം. ഉപഭോക്താക്കള്‍ക്ക് ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനിലും പരാതി നല്‍കാം,’ മാര്‍ഗനിര്‍ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നടപടി.