കൊച്ചി: ആരോഗ്യവകുപ്പും കോര്‍പ്പറേഷനും ചേര്‍ന്നു നടത്തിയ റെയ്ഡില്‍ പൂട്ടിയിടാന്‍ നിര്‍ദ്ദേശം നല്‍കിയ കൊച്ചിയിലെ ഹോട്ടലുകളില്‍ പലതും വീണ്ടും തുറന്നു. മുന്‍കാലങ്ങളില്‍ നടത്തിയതുപോലെ തന്നെ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനായിരുന്നു റെയ്ഡ് എന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.[]
അടുക്കളയില്‍ കക്കൂസ് മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പൂട്ടാന്‍ നിര്‍ദ്ദേശം കൊടുത്ത ഹോട്ടലും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനുമുന്‍പും പരിശോധനയില്‍ മായം കലര്‍ന്നതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത ഹോട്ടലുകള്‍ പൂട്ടിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോ രാഷ്ട്രീയക്കാരുടെ പിന്തുണയോ ഉറപ്പാക്കിയ ശേഷമാണ് ഇത്തരക്കാര്‍ ഇങ്ങനെ നിയമലംഘനം നടത്തുന്നത്. ഈ സ്ഥിതി തന്നെ ആവര്‍ത്തിക്കുകയാണെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്.
കൊച്ചിയിലെ നക്ഷത്രഹോട്ടലുകളില്‍ റെയ്ഡ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനെ 24 മണിക്കൂറിനകം സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതിനെച്ചൊല്ലിയുള്ള കോലാഹലങ്ങള്‍ അടങ്ങുന്നതിന് മുന്‍പേയാണ് പുതിയ വിവാദവും ഉയരുന്നത്.
അതേസമയം റെയ്ഡ് വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഹോട്ടലുകളുടെ വരുമാനം വന്‍തോതില്‍ കുറഞ്ഞിട്ടുള്ളതായി ഹോട്ടല്‍ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.