യു.എസിലെ ഹോട്ടല്‍ തൊഴിലാളികളുടെ പണിമുടക്ക്; സമരക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു
World News
യു.എസിലെ ഹോട്ടല്‍ തൊഴിലാളികളുടെ പണിമുടക്ക്; സമരക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 7:59 pm

സാന്‍ഫ്രാന്‍സിസ്‌കോ: യു.എസില്‍ മെച്ചപ്പെട്ട തൊഴില്‍ സൗകര്യവും വേതനവും ആവശ്യപ്പെട്ട് ഹോട്ടല്‍ തൊഴിലാളികള്‍ നടത്തിയ സമരം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സമരക്കാരില്‍ ഭൂരിഭാഗം പേരും തിരികെ ജോലിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ സാന്‍ ഡിഗോയിലെ ഒരു വിഭാഗം അംഗങ്ങള്‍ പണിമുടക്ക് തുടരുമെന്ന് അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസിലെ പ്രധാന നഗരങ്ങളായ ബോസ്റ്റണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍, ഗ്രീന്‍വിച്ച്, സാന്‍ ഡീഗോ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.

4,000ത്തിധികം ഹോട്ടല്‍ ജീവനക്കാര്‍ അംഗങ്ങളായ യുണൈറ്റഡ് ഹിയര്‍ യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച തൊഴിലാളികളുടെ സമരത്തില്‍ അമേരിക്കയിലെ വിനോദസഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഹില്‍ട്ടന്‍, ഹയാത്ത്, മാരിയറ്റ് തുടങ്ങിയ പ്രമുഖ ഹോട്ടല്‍ ശൃംഖലകളിലെ ജീവനക്കാരും സമരത്തില്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ഈ കാലഘട്ടത്തില്‍ ‘ഒരു ജോലികൊണ്ട് ജീവിക്കാന്‍ സാധിക്കണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്.

ലോകത്ത് ഹോട്ടല്‍ മേഖലയിലെ ഡിമാന്റും ലാഭവും നാള്‍ക്കുനാള്‍ കുതിച്ച് ഉയരുമ്പോഴും ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരുടെ വേതനവും ജോലി സമയവും കൊവിഡ് കാലഘട്ടത്തിനേക്കോള്‍ കുറഞ്ഞിരിക്കുകയാണെന്നും തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നത്.

‘കൊവിഡ് സമയത്ത് എല്ലാവരും കഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഹോട്ടല്‍ വ്യവസായം റെക്കോഡ് ലാഭമാണ് നേടുന്നത്. എന്നാല്‍ നഷ്ടം സംഭവിക്കുന്നത് അതിഥികള്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ്.

നിലവില്‍ ലഭിക്കുന്ന വരുമാനം തൊഴിലാളികള്‍ക്ക് അവരുടെ കുടുംബം പോറ്റാന്‍ പോലും പര്യാപ്തമല്ല. അതിനാല്‍ തന്നെ അതിഥികളെയും തൊഴിലാളികളെയും ചൂഷണം ചെയ്ത് ഉണ്ടാക്കുന്ന ഈ പുതിയ ലാഭം ഞങ്ങള്‍ അംഗീകരിക്കില്ല,’ തൊഴിലാളി യൂണിയന്‍ അന്താരാഷ്ട്ര പ്രസിഡന്റ് ഗ്വെന്‍ മില്‍സ് പറഞ്ഞു.

അതേസമയം യൂണിയനുമായി ചര്‍ച്ചകള്‍ നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അതേസമയം വിനോദസഞ്ചാരികള്‍ക്ക് സമരം കാരണം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുണ്ടെന്നും യു.എസിലെ ഹോട്ടല്‍ കമ്പനികള്‍ പ്രതികരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Hotel workers are back on job at US