56 ഇഞ്ച് താലി, വേഗം കഴിച്ചാല്‍ ലക്ഷങ്ങള്‍ സമ്മാനം ; മോദിയുടെ പിറന്നാള്‍ ദിനത്തില്‍ വെറൈറ്റി ആഘോഷത്തിനൊരുങ്ങി ഹോട്ടല്‍
national news
56 ഇഞ്ച് താലി, വേഗം കഴിച്ചാല്‍ ലക്ഷങ്ങള്‍ സമ്മാനം ; മോദിയുടെ പിറന്നാള്‍ ദിനത്തില്‍ വെറൈറ്റി ആഘോഷത്തിനൊരുങ്ങി ഹോട്ടല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th September 2022, 7:59 am

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ 56 വിഭവങ്ങളുള്ള സ്പെഷ്യല്‍ താലിയുമായി ഹോട്ടല്‍. നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് ’56 ഇഞ്ച് മോദി ജി’ എന്നപേരില്‍ 56 വിഭവങ്ങള്‍ അടങ്ങുന്ന താലി ഒരുക്കാനാണ് തീരുമാനം. ദല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള ആര്‍ഡര്‍ 2.0 എന്ന ഹോട്ടലിലാണ് മോദിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഈ വെറൈറ്റി നീക്കം.

മോദിയോടുള്ള ബഹുമാനമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ഹോട്ടല്‍ ഉടമയുടെ പ്രതികരണം.

‘എനിക്ക് മോദിജിയോട് വല്ലാത്ത ബഹുമാനമാണ്. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരു ആശയം രൂപപ്പെട്ടത്,’ ഹോട്ടല്‍ ഉടമ സുമിത് കല്‍റ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

ഈ ഭക്ഷണം മോദിക്ക് പിറന്നാള്‍ ദിനത്തില്‍ നല്‍കണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയെ ആരാധിക്കുന്നവര്‍ക്ക് വേണ്ടിയാണ് താലിയെന്നും സുമിത് കല്‍റ പറഞ്ഞു.

‘അന്നേദിവസം പ്രധാനമന്ത്രിക്ക് ഈ ഭക്ഷണം സമ്മാനമായി നല്‍കണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം ഇവിടെ വന്ന് ഭക്ഷണം കഴിക്കുകയാണെങ്കില്‍ വലിയ സന്തോഷം. സെക്യൂരിറ്റി പ്രശ്നങ്ങള്‍ കാരണം അത് സാധിക്കില്ലെന്ന് അറിയാം. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന എല്ലാ ആരാധകര്‍ക്കും ഇത് സമര്‍പ്പിക്കുകയാണ്,’ കല്‍റ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ എല്ലാവരും വന്ന് താലി കഴിച്ച് ആഘോഷിക്കണമെന്നും ഹോട്ടലുടമ പറഞ്ഞു.

മോദിയുടെ ജന്മദിനത്തില്‍ താലികൂടാതെ മറ്റൊരു സര്‍പ്രൈസും ഹോട്ടല്‍ ഒരുക്കുന്നുണ്ട്. അന്നത്തെ ദിവസം ഹോട്ടലിലെത്തി താലി സ്പെഷല്‍ 40 മിനിട്ടുകൊണ്ട് കഴിച്ചുതീര്‍ക്കുന്ന ദമ്പതികള്‍ക്ക് 8.5 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു. വലിയ സമ്മാനത്തുകയോടൊപ്പം സെപ്റ്റംബര്‍ 17നും 26നും ഇടയില്‍ ഇവിടെയെത്തി ഈ സ്പെഷ്യല്‍ താലി കഴിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതിമാര്‍ക്ക് കേദാര്‍നാഥിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും ഒരുക്കുന്നുണ്ട്. മോദിക്ക് ഏറ്റവും പ്രിയ്യപ്പെട്ട സ്ഥലമായതിനാലാണ് കേദാര്‍നാഥ് തിരഞ്ഞെടുത്തതെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ മറ്റ് വെറൈറ്റി ആഘോഷങ്ങളും നടക്കുന്നുണ്ട്. പിറന്നാല്‍ ദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെ പ്രധാനമന്ത്രി ഇന്ത്യയിലെത്തിച്ചിരുന്നു. നമീബിയയില്‍ നിന്നാണ് ഇവരെ ഇറക്കുമതി ചെയ്തത്.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റി നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ് എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി അഹമ്മാദാബാദിലെ എം.ഇ.ടി മെഡിക്കല്‍ കോളേജ് അദികൃതര്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Hotel owner to make 56 curry thali as a part of celebrating prime minister narendra modi’s birthday