Kerala News
'ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവുമില്ല, കൈകഴുകുന്ന സ്ഥലത്ത് വൃത്തിയുമില്ല'; ഹോട്ടല്‍ ഉടമകളായ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 30, 05:32 pm
Friday, 30th December 2022, 11:02 pm

തൃശൂര്‍: ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലത്ത് വൃത്തിയില്ലെന്നുമാരോപിച്ച് ഹോട്ടല്‍ ഉടമകളായ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം.

കുന്ദംകുളം ചൂണ്ടലില്‍ ‘കറി ആന്‍ഡ് കോ’ എന്ന ഹോട്ടല്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

അക്രമിയില്‍ നിന്ന് ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയില്‍ ഗുരുതരമായി പരിക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികള്‍ നടത്തുന്ന ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലാത്തതിനാല്‍ അത് വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നല്‍കി.

ഭക്ഷണം കഴിച്ച് തീര്‍ന്നതിന് പിന്നാലെ കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയര്‍ക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായാണ് പരാതി.

സംഭവം ഹോട്ടലുടമയായ സുധി ചോദ്യം ചെയ്തതോടെ ആക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു, പുറകെ ഓടിയ സുധിയെ ഇയാള്‍ അടിച്ചു വീഴ്ത്തി. ഇതിനെതുടര്‍ന്ന് സമീപത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് സുധിയെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സുധിയുടെ തലയില്‍ ആഴത്തിലാണ് പരിക്കേറ്റിരിക്കുന്നത്. എട്ടോളം തുന്നലുകളുണ്ട്. പരിക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും കുന്ദംകുളം പൊലീസില്‍ പരാതി നല്‍കി. മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Content Highlight: Hotel Owner attacked over Biryani without egg and papad