national news
ബീഫ് വിളമ്പിയതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വവാദികള്‍; ഹോട്ടലുടമയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 16, 09:35 am
Friday, 16th September 2022, 3:05 pm

സൂറത്: ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബീഫ് വിളമ്പിയതിന് ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഹോട്ടലില്‍ ബീഫ് വിളമ്പിയെന്ന വാര്‍ത്തയറിഞ്ഞതോടെ ഹിന്ദുത്വവാദികള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ 60 കിലോയോളം ബീഫ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഹോട്ടലില്‍ ബീഫ് നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ മൂന്ന് ഹിന്ദുത്വവാദികള്‍ ഹോട്ടലിലെത്തുകയും പരിശോധന നടത്തുകയുമായിരുന്നു. തുടര്‍ന്ന് വിവരം സത്യമാണെന്ന് തെളിഞ്ഞതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാല്‍ഗേറ്റ് പൊലീസാണ് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തത്.

ആറ് ബാഗുകളിലായി ഫ്രിഡ്ജില്‍ സൂക്ഷിച്ച 60കിലോ ബീഫാണ് പൊലീസ് കണ്ടെടുത്തത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. സെപ്റ്റംബര്‍ 14നാണ് ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബാഗുകളിലുള്ളത് ബീഫാണെന്ന് തെളിഞ്ഞതോടെ പൊലീസ് ഹോട്ടലുടമയ്‌ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഗുജറാത്ത് മൃഗസംരക്ഷണ ഭേദഗതി നിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുടമയായ സര്‍ഫറാസ് വസീര്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ബീഫ് ഹോട്ടലുടമയ്ക്ക് നല്‍കിയ അറവുകാരനെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Content Highlight:Hotel owner arrested for serving beef in hotel, hindutvadis protested