| Friday, 25th February 2022, 2:20 pm

ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്ന കേസ്; പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്.

ഹോട്ടല്‍ സിറ്റി ടവറിലെ റിസ്പ്ഷനിസ്റ്റായ തമിഴ്‌നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഹോട്ടലില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പ്രതി ഗുണ്ടാ ലിസ്റ്റിലുള്ള ആളാണെന്നും പൊലീസ് പറഞ്ഞിട്ടുണ്ട്. ഇയാള്‍ അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കസേരയില്‍ ഇരുന്ന അയ്യപ്പനെ അജീഷ് തലയില്‍ പിടിച്ച് മേശയില്‍ ചേര്‍ത്ത് കിടത്തി തുടരെ വെട്ടുകയായിരുന്നു.

30 സെക്കന്റിനുള്ളിലാണ് കൊലപാതകം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായിരുന്നത്. മാലിന്യം കളനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. എട്ടരയോടെ ബൈക്കിലെത്തിയ അജീഷ് ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി, റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ വെട്ടുകയായിരുന്നു.

റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നാല് വര്‍ഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പന്‍. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാള്‍ ഒന്‍മ്പത് മാസം മുമ്പാണ് തിരിച്ചെത്തിയത്. അയ്യപ്പനെതിരെ തമിഴ്‌നാട്ടില്‍ ഒരു കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിലെ ക്രമസമാധാനനില സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് കൊലപാതകം നടന്നത്.

കേരളം ഗുണ്ടാ കോറിഡോറായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഗുണ്ടാസംഘങ്ങള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കാര്‍ക്ക് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlights: Hotel employee hacked to death; Defendant arrested

We use cookies to give you the best possible experience. Learn more