| Saturday, 21st March 2020, 8:23 pm

'24 മണിക്കൂര്‍ സമയം തരാം', കൊവിഡ് ഭീതിയില്‍ ഹൈദരാബാദിലെ ഹോസ്റ്റലുകളില്‍ നിന്നും താമസക്കാരെ അറിയിപ്പില്ലാതെ ഇറക്കിവിടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെ ഹൈദരാബാദ് നഗരങ്ങളിലെ ഹോസ്റ്റലുകളില്‍ നിന്നും മുന്നറിയിപ്പുകളില്ലാതെ ആളുകളെ ഇറക്കിവിടുന്നു.

ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ നിന്നും മുറിയൊഴിഞ്ഞു കൊടുക്കണമെന്നാണ് ഹോസ്റ്റല്‍ മാനേജ്‌മെന്റാണ് ആളുകളെ അറിയിച്ചത്.

മുന്‍സിപല്‍ അധികൃതരില്‍ നിന്നും ലഭിച്ച ഉത്തരവ് പ്രകാരമാണ് നോട്ടീസ് പതിച്ചതെന്നാണ് ഹോസ്റ്റല്‍ മാനേജ്‌മെന്റ് പറയുന്നത്.

വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമുള്‍പ്പെടെ നിരവധി പേരാണ് നഗരത്തിലെ സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നത്.

അതേസമയം മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പബ്ബുകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചിരുന്നു.

സമൂഹ്യ അകലം പാലിക്കണമെന്നും വീട്ടില്‍ നിന്നും ജോലിചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ കമ്പനികളിലുള്ളവരോട് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ പല ഐടി കമ്പനികളും ഇത് പിന്തുടര്‍ന്നിട്ടില്ല.

എങ്ങനെയാണ് അവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഞങ്ങളോട് പോകാന്‍ ആവശ്യപ്പെടാന്‍ സാധിക്കുകയെന്നാണ് ഹോസ്റ്റല്‍ വാസികള്‍ ചോദിക്കുന്നത്.

വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്‍ ഇല്ലാത്തവരും ഉണ്ടെന്നും ചിലര്‍ പറയുന്നു.

പല ഹോസ്റ്റല്‍ അധികൃതരോടും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപല്‍ കോര്‍പറേഷന്‍ ആളുകള്‍ക്ക് താമസിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ ഒരുക്കി കൊടുക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ഹോസ്റ്റല്‍ മാനേജ്‌മെന്റ് പറയുന്നത്. അതേസമയം മുന്‍സിപല്‍ കോര്‍പറേഷന്‍ ഇത് നിരാകരിച്ചു.

‘ഹോസ്റ്റല്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ഞങ്ങള്‍ ആളുകള്‍ ശുദ്ധമായിരിക്കണമെന്ന നിര്‍ദേശം നല്‍കുന്നുണ്ട്. ആ കൂട്ടത്തില്‍ ഹോസ്റ്റലുകള്‍ തിങ്ങി നിറഞ്ഞിരിക്കരുതെന്ന് പറഞ്ഞിരുന്നു. അല്ലാതെ പറഞ്ഞു വിടാന്‍ ഉത്തരവിട്ടിട്ടില്ല,’ ഡെപ്യൂട്ടി മേയര്‍ ബാബാ ഫൈസുദ്ദീന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോസ്റ്റല്‍ സംവിധാനങ്ങള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഐടി മേഖലയിലെ കൊവിഡ് 19 കമ്മിറ്റി അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഹായം ആവശ്യമെങ്കില്‍ പൊലീസുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ ലഭ്യമാണെന്നും അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more