ജെറുസലേം: ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികൈമാറ്റം ഊര്‍ജിതമാകുന്നു. ഇസ്രഈലികളായ സീഗല്‍, ഓഫര്‍ കാല്‍ഡെറോണ്‍, യാര്‍ഡന്‍ ബിബാസ് എന്നീ മൂന്ന് തടവുകാരെ ഹമാസ് മോചിപ്പിച്ചു.
ബന്ദികളെ ഗസയിലും ഖാന്‍ യൂനുസിലും വെച്ച് ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന് ഹമാസ് കൈമാറുകയായിരുന്നു. കൈമാറിയ ബന്ദികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഹമാസ് ബന്ദികളെ കൈമാറിയതോടെ 32 ഫലസ്തീന്‍ തടവുകാരെ ഇസ്രഈലും മോചിപ്പിച്ചു. 111 തടവുകാരെ ഇന്ന് (ശനി) രാത്രിയോടെ മോചിപ്പിക്കും.
ബന്ദികൈമാറ്റത്തിന്റെ മൂന്നാംഘട്ടത്തില്‍ എട്ട് തടവുകാരെ ഹമാസ് മോചിപ്പിച്ചിരുന്നു. മൂന്ന് ഇസ്രഈലികളെയും അഞ്ച് തായ്‌ലൻഡുകാരെയുമാണ് ഹമാസ് മോചിപ്പിച്ചത്. തുടര്‍ന്ന് 110 ഫലസ്തീന്‍ തടവുകാരെ ഇസ്രഈലും വിട്ടയച്ചിരുന്നു.
അതിനിടെ ബന്ദികൈമാറ്റത്തില്‍ ഹമാസ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.
തുടര്‍ന്ന് ഇസ്രഈല്‍ ബന്ദികൈമാറ്റത്തില്‍ കാലതാമസം വരുത്തിയെങ്കിലും പിന്നീട് തടവുകാരെ വിട്ടയക്കുകയായിരുന്നു. നിലവില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ 50 ഫലസ്തീനികളെ വിദഗ്ധ ചികിത്സക്കായി റഫ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ഐ.ഡി.എഫ് അനുവദിച്ചു.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രഈല്‍ സൈന്യം റഫ ക്രോസിങ് പിടിച്ചെടുത്തിരുന്നു. അതിന് ശേഷമുള്ള ആദ്യ മെഡിക്കല്‍ ഒഴിപ്പിക്കലാണ് നിലവില്‍ നടക്കുന്നത്.
അതേസമയം ബന്ദികൈമാറ്റം നടക്കുന്ന റാമല്ലയിലെ ബെയ്റ്റൂണിയ പട്ടണത്തിലെ ഓഫര്‍ ജയിലിന് സമീപം തടിച്ചുകൂടിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ സൈന്യം ശബ്ദ ബോംബുകള്‍ പ്രയോഗിച്ചതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ ബന്ദികള്‍ റെഡ് ക്രോസിന്റെ വാഹനങ്ങളില്‍ റാമല്ലയിലേക്ക് എത്തുന്നതായും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണത്തില്‍ 47,428 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 111,580 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതായത് യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഗസയിലെ 2.3 മില്യണ്‍ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനം ഫലസ്തീനികള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രഈല്‍ ആക്രമണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ജെനിന്‍, തുല്‍ക്കരെം എന്നിവിടങ്ങളില്‍ ഇസ്രഈലി സൈന്യം റെയ്ഡും തുടരുകയാണ്.
Content Highlight: Hostage exchanges intensified; Hamas handed over three prisoners and Israel handed over 32