കൊവിഡിന്റെ പേരില്‍ ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ നിയമ നടപടി: ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോഴിക്കോട് കളക്ടര്‍
Kerala News
കൊവിഡിന്റെ പേരില്‍ ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ നിയമ നടപടി: ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോഴിക്കോട് കളക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th October 2020, 10:00 am

കോഴിക്കോട്: ഗര്‍ഭിണികള്‍ക്ക് പ്രസവ ശുശ്രൂഷയടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ കൊവിഡ് നില കണക്കിലെടുക്കേണ്ടതില്ലെന്ന് കോഴിക്കോട് കളക്ടര്‍ സാംബശിവ റാവു ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതും മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതും കൂടി വരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകേന്ദ്രത്തിന്റെ നടപടി.

പ്രസവ കേസുകള്‍ക്ക് യഥാസമയം ചികിത്സ നല്‍കാതെ കാലതാമസം വരുത്തുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില അപകടകരമാക്കും. അതുകൊണ്ടു തന്നെ കൊവിഡ് നില അടിസ്ഥാനമാക്കി ചികിത്സ നിഷേധിക്കരുത്.

പ്രസവവും പ്രസവാനന്തര ചികിത്സയുമുള്‍പ്പെടെ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളും ജില്ലയിലെ ഓരോ ആശുപത്രികളും ഒരുക്കി നല്‍കണമെന്ന് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.

ഗൈനക്കോളജിസ്റ്റിന്റെ സേവനമുള്ള ഏതൊരു ആശുപത്രിയിലും പ്രസവ കേസുകള്‍ക്ക് ചികിത്സയോ പ്രസവ പരിചരണമോ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ബാധിതരായ ഗര്‍ഭിണികളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമായ നിര്‍ദേശം നല്‍കി. കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികള്‍ക്ക് കൃത്യമായ ഐസോലേഷന്‍ ഉറപ്പുവരുത്തണം. അപകടസാധ്യത കണക്കിലെടുത്ത് നവജാത ശിശുക്കള്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും പരിചരണവും ഒരുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഉത്തരവ് ലംഘിക്കുന്ന ആശുപത്രികള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ സാംബശിവ റാവു കൂട്ടിച്ചേര്‍ത്തു.

നേരത്തെ കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കിഴിശ്ശേരി സ്വദേശി സഹ്ലയുടെ ഇരട്ടക്കുട്ടികളായിരുന്നു മരിച്ചത്. സെപ്റ്റംബര്‍ 27നായിരുന്നു സംഭവം. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അഞ്ച് ആശുപത്രികളിലാണ് ഇവര്‍ക്ക് കയറിയിറങ്ങേണ്ടി വന്നത്.

കൊവിഡിന്റെ ആര്‍.ടി പി.സി.ആര്‍ ഫലം വേണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. പി.സി.ആര്‍ ടെസ്റ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ച് ലാബുകളിലൂടെയും ഗര്‍ഭിണിയുമായി കുടുംബത്തിന് സഞ്ചരിക്കേണ്ടി വന്നു. 14 മണിക്കൂറോളം ചികിത്സ ലഭിക്കാതെ അലയേണ്ടി വന്നതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശുക്കള്‍ മരിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hospitals should not deny treatment to pregnant women in the name of Covid, says Kozhikode Collector