ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ആഗ്രയിലെ പ്രഭാ ആശുപത്രി, ഭഗവതി ആശുപത്രി തുടങ്ങി നഗരത്തിലെ വിവിധ ആശുപത്രികളിലാണ് ഓക്‌സിജന്‍ ക്ഷാമം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഗ്രയിലെ ആശുപത്രികള്‍ക്ക് മുന്നില്‍ ഓക്‌സിജനും ബെഡുകള്‍ക്കും ക്ഷാമം നേരിടുന്നതായി കാണിച്ച് നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്. മറ്റു ചില ആശുപത്രികള്‍ ഓക്‌സിജന്‍ സൗകര്യം രോഗികളുടെ വീട്ടുകാര്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
‘നിങ്ങളുടെ പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുന്നതിനായി നിങ്ങള്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരണം,’ എന്നാണ് ഇത്തരത്തില്‍ നല്‍കുന്ന നോട്ടീസുകളില്‍ വിശദീകരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രഭാ ആശുപത്രിയിലെ അധികൃതര്‍ ഒരു കൊവിഡ് രോഗിയുടെ ബന്ധുവിന് ഒഴിഞ്ഞ സിലിണ്ടറുകള്‍ നല്‍കി അതില്‍ ഓക്‌സിജന്‍ നിറയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആശുപത്രിയില്‍ 100ഓളം രോഗികള്‍ ഉണ്ടെന്നും ഈ രോഗികള്‍ക്കെല്ലാം ഓക്‌സിജന്‍ ആവശ്യമുണ്ടെന്നുമാണ് പ്രഭാ ആശുപത്രിയിലെ അധികൃതര്‍ പറയുന്നത്.
‘ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ആളുകള്‍ മരിച്ചു വീഴുന്ന സ്ഥിതിയുണ്ടാകും,’ പ്രഭാ ആശുപത്രിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഓക്‌സിജന്‍ ഇല്ലെന്ന് ആവശ്യപ്പെട്ട്, ബന്ധപ്പെട്ട അധികാരികളെ പലതവണ വിളിച്ചിട്ടും മെയില്‍ അയച്ചു. എന്നിട്ടും ഓക്‌സിജന്‍ ലഭിച്ചില്ലെന്നാണ് ഭഗവതി ആശുപത്രിയുടെ മാനേജര്‍ സാരിഖ ഖാന്‍ പറയുന്നത്.
ഓക്‌സിജന്‍ ലഭിക്കുമെങ്കില്‍ സംഘടിപ്പിക്കാനാണ് കൊവിഡ് രോഗികളുടെ ബന്ധിക്കുളോട് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആശുപത്രി മാനേജര്‍ പറയുന്നു.
നേരത്തെ ആഗ്രയിലെ ആശുപത്രിയില്‍ എട്ടോളം കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. ഇത്തരത്തില്‍ ‘തെറ്റായ വാര്‍ത്തകള്‍’ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നുമായിരുന്നു ആദിത്യനാഥ് പറഞ്ഞിരുന്നത്.
ചിത്രം കടപ്പാട്: ഇന്ത്യ ടുഡേ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക