മലപ്പുറം: തിരൂരിലെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ എര്‍പ്പെടുത്തുന്നില്ലെന്ന് ഹൈക്കോടതിയില്‍ ഹരജി. മുസ്‌ലീം ലീഗ് നേതാവും തിരൂരാങ്ങാടി എം.എല്‍.എയുമായ കെ.പി.എ മജീദ് ആണ് ഹരജി നല്‍കിയിരിക്കുന്നത്.
ആശുപത്രിയില്‍ ഓക്‌സിജന്‍ കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കിയിട്ടില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. മലപ്പുറം ജില്ലയോട് അവഗണനയാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.
ഹരജി വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ കൊണ്ടോട്ടി എം.എല്‍.എ. ടി.വി. ഇബ്രാഹിമും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
ആരോഗ്യ രംഗത്ത് മലപ്പുറം ജില്ലയോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
ജില്ലയുടെ ജനസംഖ്യാനുപാതികമായി വാക്‌സിന്‍ വിതരണം നടന്നിട്ടില്ലെന്നും കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് പുതുതായി ബാധിക്കുന്നവരുടെ എണ്ണത്തില്‍ മലപ്പുറം ജില്ല തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ബുധനാഴ്ചത്തെ കണക്ക് പ്രകാരം 2,448 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
14.93 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 4,143 പേര്‍ ജില്ലയില്‍ രോഗമുക്തരായി. നിലവില്‍ 37124 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്.