ന്യൂദല്‍ഹി: സ്വകാര്യ ആശുപത്രികള്‍ ആഢംബര ഹോട്ടലുകളുമായി ചേര്‍ന്ന് കൊവിഡ് വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്ന നടപടി തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. നടപടി ചട്ട വിരുദ്ധമാണെന്നും കേന്ദ്രം അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ കത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രം നല്‍കുന്ന നിര്‍ദേശങ്ങളനുസരിച്ച് ജോലി സ്ഥലങ്ങള്‍, വീടുകളുള്ള പ്രദേശങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വെച്ചായിരിക്കണം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ സൗകര്യമൊരുക്കേണ്ടത്.
കൊവിഡ് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
കൊവിഡ് വാക്‌സിനേഷന്‍ ലഭിക്കുന്നതിനൊപ്പം ആരോഗ്യകരമായ പ്രഭാത ഭക്ഷണം, അത്താഴം, വൈഫൈ സൗകര്യങ്ങള്‍, മികച്ച ആശുപത്രികളിലെ വിദഗ്ധരുടെ സേവനം എന്ന തരത്തില്‍ വ്യാപകമായ ആഢംബര ഹോട്ടലുകളിലെ വാക്‌സിനേഷന്‍ പാക്കേജിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നടപടികളുമായി രംഗത്തെത്തിയത്.
വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് കേന്ദ്രം പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു.