| Wednesday, 12th June 2024, 11:13 am

ആശുപത്രിക്കിടക്കയിലും ഗസക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നോം ചോംസ്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ആശുപത്രിക്കിടക്കയിലും ഗസയോടുള്ള ഐക്യദാർഢ്യം മുറുകെ പിടിച്ച് നോം ചോംസ്കി. കഴിഞ്ഞ ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു അദ്ദേഹം.

അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ കിടക്കുമ്പോഴും അദ്ദേഹം ഗസയെക്കുറിച്ചുള്ള വാർത്തകൾ കാണാറുണ്ടെന്നും ഗസയിലെ യുദ്ധത്തിന്റെ ചിത്രങ്ങളും വാർത്തകളും കാണുമ്പോൾ പ്രതിഷേധ സൂചകമായി ഇടതുകൈ ഉയർത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ മുതൽ അദ്ദേഹത്തെ പൊതുവേദികളിൽ കാണാറില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിന്റേതായ വാർത്തകളും നിരീക്ഷണങ്ങളും ആശുപത്രിക്കിടക്കയിൽ നിന്നും പുറത്തേക്കെത്തിയിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ചോംസ്കി മോഡലും ചാറ്റ് ജി.പി.ടിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം ആശുപത്രിയിൽ കിടക്കുമ്പോഴും പുറത്ത് വിട്ടിരുന്നു.

95 വയസുള്ള നോം ചോംസ്കി ബ്രസീലിലെ സാവോ പോളോ ആശുപത്രിയിലാണെന്നും അദ്ദേഹത്തിന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പക്ഷാഘാതം ശരീരത്തെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആരോഗ്യനില സങ്കീർണ്ണമായതിനാൽ ന്യൂറോളജിസ്റ്റുകളും ശ്വാസകോശവിദഗ്ദ്ധരും തെറാപ്പിസ്റ്റുകളുമടങ്ങുന്ന ഒരു വിദഗ്ദ്ധ വിഭാഗത്തിന്റെ പരിചരണത്തിലാണ് അദ്ദേഹം ഇപ്പോൾ.

ഇസ്രഈലിന്റെ ക്രൂരമായ ഉപരോധവും ഗസയിലെ അധിനിവേശം സമകാലിക യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളിൽ ഒന്നാണെന്നായിരുന്നു അദ്ദേഹം തന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതിന് മുൻപ് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

അമേരിക്കൻ വിദേശനയത്തിന്റെ മുൻനിര വിമർശകനാണ് ചോംസ്കി. മിഡിൽ ഈസ്റ്റ് മുതൽ സെൻട്രൽ അമേരിക്കയിൽ വരെയുള്ള എല്ലാ വിഷയങ്ങളിലും യു.എസ് നയത്തെ നിരന്തരം വെല്ലുവിളിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ലേഖനങ്ങളും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും നിരൂപകരും വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

ആധുനിക ഭാഷാശാസ്ത്രത്തിന്റെ പിതാവെന്നാണ് അറിയപ്പെടുന്നത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ദീർഘകാലം അംഗമായിരുന്നു ചോംസ്കി.

നിരവധിപേരാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.

Content Highlight: Hospitalised after stroke, Noam Chomsky stands firm on Gaza’s plight

We use cookies to give you the best possible experience. Learn more