ജെറുസലേം: ഇസ്രഈല്‍ വ്യോമാക്രമണം നടത്തി തകര്‍ത്ത അല്‍ അഹ്ലി പ്രവര്‍ത്തിക്കുന്നത് ക്രിസ്ത്യന്‍ രൂപതയുടെ കീഴില്‍. ചൊവ്വാഴ്ച ഇവിടെ ഇസ്രഈല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ആംഗ്ലിക്കന്‍ സഭയുടെ കീഴില്‍ ജറുസലേം എപ്പിസ്‌കോപ്പല്‍ രൂപതയുടെ സഹായത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സിറിയ, ഗസ തുടങ്ങിയ യുദ്ധഭൂമികളില്‍ അശുപത്രികളും മറ്റ് സന്നദ്ധ സ്ഥാപനങ്ങളും സ്ഥാപിച്ചാണ് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം.
യുദ്ധ മേഖലയില്‍ വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഇവര്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി തവണയുണ്ടായ ആക്രമണത്തില്‍ ഡോക്ടര്‍മാര്‍ക്കും മറ്റും ഇതിന് മുമ്പും പരിക്കേറ്റിരുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അല്‍ അഹ്ലി ഹോസ്പിറ്റലില്‍ ബോംബാക്രമണം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വേദനയോടെയാണ് മനസിലാക്കുന്നതെന്നും അവിടുത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും എപ്പിസ്‌കോപ്പല്‍ രൂപത പ്രസ്താവനയില്‍ പറഞ്ഞു.
ഈ മേഖലയിലുള്ള തങ്ങളുടെ സേവനപ്രവര്‍ത്തനം തുടരുമെന്നും ‘ഉപദ്രവം അനുഭവിക്കുന്നവരെങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല, വീണുകിടക്കുന്നവരെങ്കിലും നശിച്ചുപോകുന്നില്ല’ എന്ന ബൈബില്‍ വാചകം ഉദ്ധരിച്ചുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, ഇസ്രഈല്‍ അക്രമണം നടത്തിയ അല്‍ അഹ്ലി ആശുപത്രിയില്‍ നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തില്‍ ആശുപത്രിയുടെ 80 ശതമാനവും തകര്‍ന്നുവെന്നാണ് ഇവിടെ നിന്ന് രക്ഷപ്പെട്ട ഒരു ഡോക്ടര്‍ ബി.ബി.സിയോട് പറയുന്നത്.
ഗസയില്‍ അഭയാര്‍ഥി ക്യാമ്പായും ഈ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നു. വീടു നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയിലുണ്ടായിരുന്നു. ഇവിടേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ ഇസ്രഈല്‍ ആക്രമണം അഴിച്ചുവിട്ടത്. 12 ദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ ഏറ്റവും വലിയ ജീവനാശം സംഭവിച്ച ആക്രമണവും ഇതാണ്.
Content Highlight: Hospital run by Israel in Gaza under Christian Diocese