ന്യൂദല്‍ഹി: ദല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആശുപത്രി ഉടമ അറസ്റ്റില്‍. ഡോ. നവീന്‍ ഖിച്ചി ആണ് അറസ്റ്റിലായത്. തീപിടിത്തമുണ്ടായതിന് പിന്നാലെ നവീന്‍ ഒളിവിലായിരുന്നു. നിവീന്‍ ഖിച്ചിയെ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്.
അപകടത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച രാവിലെ പ്രതികരിച്ചിരുന്നു.
തീപിടിത്തത്തില്‍ ആരോഗ്യ സെക്രട്ടറിയില്‍ നിന്ന് ദല്‍ഹി സര്‍ക്കാരും ചീഫ് സെക്രട്ടറിയില്‍ നിന്ന് ലെഫ്റ്റനന്റ് ഗവര്‍ണറും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുപിന്നാലെന്ന് ആശുപത്രി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദല്‍ഹിയിലെ വിവേക് വിഹാറിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്.
ആശുപത്രിയിലെ 12 നവജാത ശിശുക്കളെയും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ഏഴ് കുഞ്ഞുങ്ങള്‍ ചികിത്സയിലിരിക്കെ മരിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്. മറ്റ് അഞ്ച് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന ആരോപണങ്ങളില്‍ അടക്കം പൊലീസ് അന്വേഷണം നടത്തുകയാണെന്ന് അറിയിച്ചു.
ദല്‍ഹിയില്‍ ശനിയാഴ്ച ഉണ്ടായ രണ്ടാമത്തെ തീപിടിത്തമായിരുന്നു ഇത്. അതിന് മുമ്പ് ദല്‍ഹിയിലെ ഷഹ്ദാര ഏരിയയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായിരുന്നു.