| Saturday, 18th February 2012, 12:19 am

പരിശോധനയ്‌ക്കെത്തിയ ലേബര്‍ ഓഫീസറെയും സംഘത്തെയും പൂട്ടിയിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: പരിശോധനയ്‌ക്കെത്തിയ ജില്ലാ ലേബര്‍ ഓഫീസറെയും സംഘത്തെയും സ്വാകാര്യ ആശുപത്രി അധികൃതര്‍ പൂട്ടിയിട്ടു. കൊട്ടാരക്കരയിലെ പ്രണവം ഹോസ്പിറ്റലില്‍ പരിശോധനയ്‌ക്കെത്തിയ ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ബീന, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ കെ.രാജേന്ദ്രന്‍, കെ.കൃഷ്ണകുമാര്‍, എന്നിവരെയാണ് ആശുപത്രി ഉടമയും മകനും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടത്.

പരിശോധനയ്ക്ക് ശേഷം ലേബര്‍ ഓഫീസര്‍ ഉടമയില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയ രേഖകള്‍ മകന്‍ ബലമായി പിടിച്ചുവാങ്ങുകയും ഉദ്യോഗസ്ഥരെ ബന്ദിയാക്കുകയുമായിരുന്നു. മിനിമം വേതനം നല്‍കുന്നില്ല എന്ന് ഇവര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ സേവന വേതന രേഖകള്‍ സൂക്ഷിച്ചിരുന്നില്ലെന്നും ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഇത് ആശുപത്രിയുടെ ഉടമയെ ബോധിപ്പിച്ച് രേഖകള്‍ ഒപ്പിട്ടു വാങ്ങിയതാണ് മകനെ പ്രകോപിപ്പിച്ചത്.

ഉദ്യോഗസ്ഥരെ 15 മിനുട്ടോളം തടഞ്ഞുവെച്ചതിനു ശേഷമാണ് മോചിപ്പിച്ചതെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് അസി.ലേബര്‍ ഓഫീസര്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. കൊട്ടാരക്കരയിലെ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ ഒരു ആശുപത്രി പോലും മിനിമം വേതനം നല്‍കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ലേബര്‍ ഓഫീസര്‍ അറിയിച്ചു.

അതിനിടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ്, തൊടുപുഴ പൈങ്കുളം എച്ച്.എസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ തൊഴില്‍ വകുപ്പ് വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. എറണാകുളത്ത് നടന്ന വ്യത്യസ്ത ചര്‍ച്ചകളില്‍ മാനേജ്‌മെന്റ് പ്രതിനിധികളും സമരക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. കോലഞ്ചേരിയിലെ സമരം ഒത്തുതീരുന്ന തരത്തിലേക്ക് ഇന്നലത്തെ ചര്‍ച്ച എത്തിയതായാണ് സൂചന. ഇന്ന് മാനേജ്‌മെന്റ് പ്രതിനിധികളും സമരസമിതി നേതാക്കളും വീണ്ടും ചര്‍ച്ച നടത്തും.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more