| Thursday, 2nd May 2019, 11:00 am

1970 ജൂണ്‍ 19, ഉച്ചയ്ക്ക് 2.28; രാഹുലിന്റെ ജനനവിവരങ്ങള്‍ പുറത്തുവിട്ട് ദല്‍ഹിയിലെ ആശുപത്രി; പ്രിയങ്ക ജനിച്ചതും ഇതേ ആശുപത്രിയിലെന്നു രേഖകള്‍- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദം തുടരുന്നതിനിടെ രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും ജനനരേഖകള്‍ പുറത്തുവിട്ട് ദല്‍ഹിയിലെ ആശുപത്രി. ദല്‍ഹി അതിരൂപതയ്ക്കു കീഴിലുള്ള ഹോളിഫാമിലി ആശുപത്രിയാണു രേഖകള്‍ പുറത്തുവിട്ടത്.

1970 ജൂണ്‍ 19, ഉച്ചയ്ക്ക് 2.28-നാണു രാഹുലിന്റെ ജനനമെന്നും 1972 ജനുവരി 12-നാണു പ്രിയങ്കയുടെ ജനനമെന്നും രേഖകളില്‍ പറയുന്നു.

രാഹുലിന്റെ രേഖയില്‍ മതം ഹിന്ദുവാണെന്നും ഇന്ത്യന്‍ പൗരനാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ ജനനസമയത്ത് അദ്ദേഹത്തെക്കാണാന്‍ മുത്തശ്ശിയും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധി എത്തിയിരുന്നതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നാരോപിച്ച് കേന്ദ്രസര്‍ക്കാരിന് അയച്ച പരാതിയെത്തുടര്‍ന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഹുലിന് നോട്ടീസ് അയച്ചിരുന്നു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. രാഹുലുമായി ബന്ധമുള്ള ഒരു ബ്രിട്ടീഷ് കമ്പനിയില്‍ അദ്ദേഹത്തെക്കുറിച്ചു നല്‍കിയിരിക്കുന്ന വിവരത്തില്‍ ബ്രിട്ടീഷ് പൗരനാണെന്നാണു രേഖപ്പെടുത്തിയതെന്നായിരുന്നു സ്വാമിയുടെ ആരോപണം.

2003-ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയും രാഹുലാണെന്നും സ്വാമി പരാതിയില്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് ‘സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറേഷന്‍ ഓഫ് ബാക്കോപ്‌സ്’ രേഖകളും പുറത്തുവിട്ടു. ഇതില്‍ രാഹുല്‍ ഇന്ത്യന്‍ പൗരനാണെന്നു വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം.

വീഡിയോക്ക് കടപ്പാട്: മനോരമ ന്യൂസ്‌

Latest Stories

We use cookies to give you the best possible experience. Learn more