സംസ്‌കരണ പ്ലാന്റുകള്‍ക്കെതിരെ സമരം- ആശുപത്രി മാലിന്യങ്ങള്‍ എന്തുചെയ്യും? ഭീതി ആരകറ്റും?
എ പി ഭവിത
Friday, 23rd February 2018, 12:38 pm
പാലക്കാട് ജില്ലയിലെ മലമ്പുഴയ്ക്കും തിരുവന്തപുരത്തെ പാലോടിനും പിന്നാലെ കോഴിക്കോട് കിനാലൂരിലും ആശുപത്രി മാലിന്യ സംസ്‌കാരണ പ്ലാന്റിനെതിരെ സമരം നടക്കുകയാണ്. ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ള സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ നിന്നായി 50 ടണ്‍ ബയോമെഡിക്കല്‍ മാലിന്യം പ്രതിദിനം തള്ളപ്പെടുന്നുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
കടുത്ത പകര്‍ച്ചവ്യാധി സാധ്യതയുള്ളവയാണ് ഈ മാലിന്യങ്ങളെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നതും. ശരിയായി സംസ്‌കരിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടരുകയും നിയന്ത്രിക്കാന്‍ പ്രയാസമാകുകയും ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ബയോമെഡിക്കല്‍ മാലിന്യ പരിപാലന നിയമം അനുസരിച്ച് 48 മണിക്കൂറിനകം ഇത്തരം മാലിന്യങ്ങള്‍ സംസ്‌കരിക്കണം. ഈ സാഹചര്യത്തിലാണ് മൂന്ന് പ്ലാന്റുകള്‍ക്കെതിരെയും സംസ്ഥാനത്ത് സമരം നടക്കുന്നത്.
കിനാലൂര്‍ സമരം-
പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നുള്ള മാലിന്യം കിനാലൂരിലെത്തിച്ച് സംസ്‌കരിക്കാനാണ് പദ്ധതി. പദ്ധതിക്കെതിരെ പ്രദേശവാസികള്‍ സമരത്തിലാണ്. നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.
വ്യവസായ വകുപ്പ് അനുവദിച്ച രണ്ടരയേക്കര്‍ സ്ഥലത്താണ് മലബാര്‍ എന്‍വിറോവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നത്.
കെട്ടിടം നിര്‍മ്മിക്കാന്‍ പനങ്ങാട് പഞ്ചായത്തും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഭരണ സമതിയും പദ്ധതിക്ക് എതിരാണ്. കലക്ടര്‍ അധ്യക്ഷനായ ഗ്രീന്‍ ചാനല്‍ വഴിയാണ് പഞ്ചായത്തിന് അപേക്ഷ ലഭിക്കുന്നത്. 2015 മാര്‍ച്ച് പതിനാറിനാണ് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. 2016 ഏപ്രില്‍ 22 ന് പഞ്ചായത്ത് സെക്രട്ടറി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കി. എന്നാല്‍ ജനവാസ കേന്ദ്രത്തിന് സമീപം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്ലാന്റ് സ്ഥാപിക്കാന്‍ ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. പൊലീസ് സംരക്ഷണയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും പദ്ധതി പ്രദേശത്തേക്ക് പോലും കടക്കാന്‍ അനുവദിക്കാതെ സമരം നടത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുളളവര്‍.
“റെഡ് കാറ്റഗറിയിലുള്ള സ്ഥാപനമാണ് ജനവാസകേന്ദ്രത്തിനടുത്ത് സ്ഥാപിക്കുന്നത്. കൂടാതെ 5000 ലിറ്റര്‍ വെള്ളം ഈ പ്ലാന്റിലേക്ക് ഓരോ ദിവസവും ആവശ്യമായി വരും. അഞ്ച് ജില്ലകളിലെ ആശുപത്രി മാലിന്യമാണ് ഈ പ്ലാന്റിലേക്ക് എത്തിക്കുന്നത്. പദ്ധതി വരുന്നത് പ്രദേശവാസികള്‍ക്ക് താമസിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കും”. സമരസമിതി നേതാവ് നിജേഷ് അരവിന്ദ് ആരോപിക്കുന്നു.
പ്രതിഷേധം ശക്തമായ ഘട്ടത്തില്‍ സെക്രട്ടറി നല്‍കിയ അനുമതി ഭരണസമിതി റദ്ദാക്കി. സമരത്തിനൊപ്പമാണ് പഞ്ചായത്ത് ഭരണസമിതിയും.
പാലോട് പദ്ധതി-
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ഏഴ് ഏക്കറിലാണ് നിര്‍ദ്ദിഷ്ട പദ്ധതി. പദ്ധതി പ്രദേശത്ത് കണ്ടല്‍ക്കാടും നീരുറവും നിലനില്‍ക്കുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. പരിസ്ഥിതിലോല പ്രദേശത്ത് ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നും സമരക്കാര്‍ പറയുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ പദ്ധതിയാണെന്നും ശാസ്ത്രീയമായി സംസ്‌കരിക്കുമെന്നുമാണ് ഐ.എം.എയുടെ വാദം.
പദ്ധതിക്കെതിരെ സര്‍ക്കാറില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. പദ്ധതിക്കുള്ള അനുമതി നല്‍കുന്ന നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നാണ് വനംവകുപ്പിന്റെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് വനംമന്ത്രി കെ. രാജു എതിര്‍പ്പുമായി രംഗത്തെത്തിയത്. എന്നാല്‍ വനംമന്ത്രി കൂടി പങ്കെടുത്ത യോഗമാണ് പ്ലാന്റിന് അനുമതി നല്‍കിയെതെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ നിലപാട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് ഐ.എം.എയുടെ നിലപാട്.
മലമ്പുഴ പദ്ധതി-
മലമ്പുഴയിലെ പുതുശ്ശേരി പഞ്ചായത്തിലാണ് ഐ. എം.എയുടെ ഇമേജ് മാലിന്യ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിയായ ഇവിടെയാണ് നിലവില്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ മാലിന്യം സംസ്‌കരിക്കുന്നത്. മലമ്പുഴ ഡാം പരിസരം മലിനമാകുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മാലിന്യം വേണ്ടവിധം സംസ്‌കാരിക്കാതെ ഡാമിലും പരിസരത്തും ഉപേക്ഷിക്കുന്നുവെന്നാണ് ആരോപണം.
സ്ഥലം എം.എല്‍.എ കൂടിയായ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചപ്പോഴും സി.പി.ഐ.എം പദ്ധതിക്ക് അനുകൂലമായിരുന്നു.
ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായാണ് ഇമേജില്‍ സംസ്‌കരിക്കുന്നതെന്ന് ഐ.എം.എ പ്രസിഡന്റായിരുന്ന ഡോക്ടര്‍ വി. ജി പ്രദീപ് കുമാര്‍ പറയുന്നു. കുറഞ്ഞ ചിലവില്‍ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനമാണ് ഐ.എം.എ ഒരുക്കുന്നത്.
പരിസ്ഥിതിക്ക് ഒരുതരത്തിലും കോട്ടം വരുത്താതെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇമേജ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉണ്ടാകുന്നത് ജനങ്ങളുടെ തെറ്റിദ്ധാരണ മൂലമാണെന്നും ഡോക്ടര്‍ പ്രദീപ് കുമാര്‍ പറയുന്നു.
ആശുപത്രി മാലിന്യം ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതിന്റെ ആവശ്യതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ചുമതലയാണ്. ജനസാന്ദ്രതയേറിയ കേരളം പോലുള്ള പ്രദേശത്ത് എതിര്‍പ്പുകളില്ലാതെ മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കുകയെന്നത് വെല്ലുവിളിയാണ്.
ആശുപത്രി മാലിന്യം സംസ്‌കരിക്കുന്നതിനായി കേന്ദ്രീകൃത മാലിന്യ പ്ലാന്റും സൗകര്യവും ഒരുക്കുമെന്നാണ് ആരോഗ്യനയത്തിന്റെ കരടില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇമേജിന്റെ മാതൃകയിലാണ് കേന്ദ്രങ്ങള്‍. കൂടാതെ മെഡിക്കല്‍ കോളേജുകളിലും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതികള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത്തരം പദ്ധതികളും പ്രാദേശികമായ എതിര്‍പ്പുകളില്ലാതെ നടപ്പിലാക്കിയാല്‍ മാത്രമാണ് ആശുപത്രി മാലിന്യം എന്ന വെല്ലുവിളിയെ തരണം ചെയ്യാന്‍ സംസ്ഥാനത്തിന് കഴിയുക.