കെയ്‌റോ : മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹോസ്‌നി മുബാറക് ഗുരുതരാവസ്ഥയിലാണെന്നു റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് നഗരത്തിലെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയുന്നു.
ഹൃദയമിടിപ്പ് ക്രമാതീതമാകുന്നതും അബോധാവസ്ഥയിലാകുന്നതുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഏത് സമയവും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇദ്ദേഹത്തിന് നല്‍കുന്നത്.
ഹോസ്‌നി മുബാറക് മരിച്ചുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചത്. ഇദ്ദേഹത്തെ കാണാന്‍ ഭാര്യ സൂസന്‍ മുബാറക്കിനെയും പുത്രഭാര്യമാരെയും അനുവദിച്ചു. മുബാറക്കിനെ കാണാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് സൂസന്‍ രംഗത്തെത്തിയിരുന്നു.
ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2011 ലാണ് മുബാറക് സ്ഥാനരഹിതനാകുന്നത്. പ്രക്ഷോഭത്തില്‍ നിരവധിപേരെ കൊന്നതിന്റെ പേരില്‍ ജൂണ്‍ രണ്ടിന് ഇദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. അന്നുതന്നെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.