ഹുസ്‌നി മുബാറക്കിന് ആജീവനാന്ത തടവ്
World
ഹുസ്‌നി മുബാറക്കിന് ആജീവനാന്ത തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd June 2012, 7:54 pm

കയ്‌റോ: കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 850 പേരെ വധിച്ചു എന്ന കുറ്റത്തിന് ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനു ജീവപര്യന്തം. കെയ്‌റോ കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  അതെ സമയം അഴിമതി കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തുകൊണ്ടാണ് കോടതി വിധി.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച അറബ് പ്രക്ഷോഭത്തില്‍ അധികാരം നഷ്ട്ടപ്പെട്ട ആദ്യ അറബു നേതാവാണ് മുബാറക്.  പത്തുമാസത്തെ വിചാരണയ്ക്കുശേഷമാണ് കോടതി മുബാറക്കിന് ശിക്ഷ വിധിച്ചത്.  സ്വന്തം നാട്ടിലെ ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുന്ന ആദ്യ അറബ് നേതാവാണ് മുബാറക്.

30 വര്‍ഷം നീണ്ട മുബാറക് ഭരണത്തിനെതിരെ കഴിഞ്ഞവര്‍ഷം ആരംഭിച്ച ജനകീയ പ്രക്ഷോഭത്തില്‍ 850 പേരാണ് കൊല്ലപ്പെട്ടത്. കേസില്‍ മുബാറക്കിന് വധശിക്ഷ ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ വിചാരണയ്ക്കിടെ സാക്ഷികളില്‍ പലരും കൂറുമാറിയത് മുബാറക്കിന്റെ ശിക്ഷ ജീവപര്യന്തമായി പരിമിതപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇരുമ്പഴിയിട്ട പ്രതിക്കൂട്ടില്‍ സ്‌ട്രെച്ചറില്‍ കിടന്നാണ് മുബാറക്ക് വിചാരണ നേരിട്ടത്. താന്‍ നിരപരാധി ആണെന്ന്  എഴുതി നല്‍കിയ മുബാറക് കോടതിയില്‍ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. വിധിയുടെ തല്‍സമയ ദൃശ്യങ്ങള്‍  രാജ്യാന്തരമായി  സംപ്രേഷണം ചെയ്തിരുന്നു.