കെയ്‌റൊ: മുന്‍ ഈജിപ്ത് ഏകാധിപതി ഹുസ്‌നി മുബാറക്കിനെ കോടതി കുറ്റ വിമുക്തനാക്കി. 2011 കാലയളവില്‍ നടന്ന മുല്ലപ്പൂ വിപ്ലവത്തില്‍ പങ്കെടുത്തവരെ കൂട്ടക്കൊല നടത്തിയ കേസിലാണ് കോടതി മുബാറക്കിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇസ്രയേലിലേക്ക് ഗ്യാസ് കയറ്റുമതി ചെയ്തതിലെ അഴിമതി കേസില്‍ നിന്നും മുബാറക്കിനെ കോടതി കുറ്റ വിമുക്തനാക്കി.
മുബാറക്കിന്റെ മക്കളായ അലായുടേയും ജമാലിന്റെയും പേരിലുള്ള അഴിമതി കേസും കോടതി തള്ളി. 86 കാരനായ മുബാറക്ക് ഇപ്പോള്‍ പൊതുമുതല്‍ അഴിമതി നടത്തിയതില്‍ മൂന്ന് വര്‍ഷത്തെ ശിക്ഷയനുഭവിക്കുകയാണ്. ജഡ്ജി മഹ്മൂദ് കാമില്‍ അല്‍ റഷീദ് ആണ് മുബാറക്കിന് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുന്നത്.
മുബാറക്കിനെ കൂടാതെ അദ്ദേഹത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ ആദ് ലിയെയും മറ്റ് ആറ് സുരക്ഷാ ഉദ്യോഗസ്ഥരെയും 2011ലെ ചെയ്തികളുടെ പേരില്‍ കുറ്റ വിമുക്തമാക്കിയിട്ടുണ്ട്. മുബാറക്കിന്റെ 30 വര്‍ഷം നീണ്ടുനിന്ന ഏകാധിപത്യത്തിന് അന്ത്യമായത് 2011 ലെ വിപ്ലവത്തെ തുടര്‍ന്നായിരുന്നു. മുബാറക്കും അനുയായകളും ചേര്‍ന്ന് 846 പേരെയാണ് കൊലപെടുത്തിയിരുന്നത്. എന്നാല്‍ കേസില്‍ 239 പേരുടെ പേരുടെ മരണം മാത്രമാണ് കോടതി പരിഗണിച്ചിരുന്നത്.