പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല: ഗൗതം ഗംഭീര്‍
T20 World Cup 2021
പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല: ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th October 2021, 8:03 pm

ന്യൂദല്‍ഹി: ട്വന്റി- 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ-പാക് മത്സരത്തില്‍ പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. ഞങ്ങള്‍ ഞങ്ങളുടെ ആണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കും,’ ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഷെയിംഫുള്‍ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.

മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് ഗംഭീറിന്റെ പുതിയ പ്രതികരണം.

പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം. 18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഷമിയ്‌ക്കെതിരായ ആക്രമണം.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഒരുവശത്ത് ഉറച്ചുനിന്ന കോഹ്‌ലിയാണ് പൊരുതാവുന്ന സ്‌കോര്‍ ടീമിന് സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ വിജയത്തിലെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Those Bursting Crackers On Pakistan’s Win Can’t Be Indian says Gautam Gambhir